
കാസർകോട്: അമിതവില കയറ്റം തടയാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ അനില്‍ കുമാറിൻ്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് താലൂക്കിലെ വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളിലെ കടകളില്‍ പരിശോധന നടത്തി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. കടകളില്‍ പച്ചക്കറികള്‍ക്കും മറ്റും വില വര്‍ധനയുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ആകെ 19 കടകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വിലക്കയറ്റം കണ്ടെത്തിയില്ല. തക്കാളിയുടെയും ഉള്ളിയുടെയും വില പൊതുവിപണിയില്‍ കുറഞ്ഞ സാഹചര്യത്തില്‍ വില കൂട്ടി വില്‍ക്കരുതെന്ന് കടയുടമകൾക്ക് കര്‍ശന നിര്‍ദേശം നല്‍കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്‍കി. ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പുകളുമായി ചേര്‍ന്ന് തുടര്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ കെ.പി. അനില്‍കുമാര്‍ പറഞ്ഞു.

പരിശോധനകള്‍ വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. വിഷു പ്രമാണിച്ച് വില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. എന്‍ ബിന്ദു, വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍. ജയപ്രകാശ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ജാസ്മിന്‍ കെ. ആന്റണി, ടി. രാധാകൃഷ്ണന്‍, കെ. രാജീവ്, സഞ്ജയ് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
