
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗം ചരിത്രപരമായൊരു ദൗത്യത്തിന് ഒരുങ്ങുകയാണ്. സ്വകാര്യ മേഖലയില്‍ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റായ വിക്രം-എസ് വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് എന്ന സ്റ്റാര്‍ട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്.
നവംബർ 12നും 16നും ഇടയിലായിരിക്കും വിക്ഷേപണം. ‘പ്രാരംഭ്’ എന്നാണ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസിൻ്റെ ഈ കന്നി ദൗത്യത്തിൻ്റെ പേര്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്രം എന്ന് പേരിട്ടിരിക്കുന്ന സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിൻ്റെ അന്തിമ തീയതി പിന്നീട് പ്രഖ്യാപിക്കും.

രാജ്യത്തെ നോഡല്‍ ഏജൻസിയായ ഇൻ സ്പേസ് റോക്കറ്റ് വിക്ഷേപണത്തിനുള്ള സാങ്കേതികാനുമതി നല്‍കിക്കഴിഞ്ഞു. രാജ്യത്ത് ഇതുവരെയുള്ള റോക്കറ്റുകളുടെ വിക്ഷേപണം ഐ.എസ്ആർ.ഒയുടെ അധീനതയിലായിരുന്നതിനാല്‍ ഈ ദൗത്യം എന്തുകൊണ്ടും ചരിത്രപരമായിരിക്കും. റോക്കറ്റ് വികസനവും രൂപകല്‍പനയും ദൗത്യങ്ങളുമെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത് ഐഎസ്ആർഒയാണ്.
