
അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നടത്തിയ പ്രകോപനത്തിന് മുമ്പ് വായുമാര്‍ഗം ചൈന ആക്രമണത്തിന് ശ്രമിച്ചെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. രണ്ടില്‍ കൂടുതല്‍ തവണ യഥാര്‍ത്ഥ നിയന്ത്രണ രേഖ കടന്ന് ചൈനീസ് ഡ്രോണുകള്‍ ഇന്ത്യന്‍ പ്രദേശത്തേക്കെത്തി. വായുസേനയുടെ സുഹോയ്- 30 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തെ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
വായുമാര്‍ഗമുള്ള ആക്രമണ സാധ്യത മുന്നില്‍ കണ്ട് പ്രതിരോധം ശക്തമാക്കുകയാണ് ഇന്ത്യ. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന വടക്ക് കിഴക്കന്‍ മേഖലകളിലും ലഡാക്ക് മേഖലയിലും യുദ്ധവിമാനങ്ങള്‍ സജ്ജമാണ്. സുഹോയ്ക്ക് പുറമെ, റഫാല്‍ യുദ്ധവിമാനങ്ങളും അസമിലെ തേജ് പൂര്‍, ചബ്വാ മേഖലകളില്‍ തയ്യാറാണ്. വായുമാര്‍ഗമുള്ള നിരീക്ഷണം ഊര്‍ജിതമാക്കുകയാണ് സൈന്യം.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ മറികടക്കാന്‍ ചൈന ശ്രമിച്ചത്. 300 പട്ടാളക്കാരുമായെത്തിയ ചൈനയെ ഇന്ത്യന്‍ സൈന്യം ശക്തമായി നേരിട്ടു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലെ സൈനികര്‍ക്കും പരിക്കേറ്റു. അതിന് പിന്നാലെയാണ് വായുമാര്‍ഗവും ചൈന പ്രകോപനത്തിന് ശ്രമിച്ചെന്ന വിവരങ്ങള്‍ കൂടി പുറത്ത് വരുന്നത്.
സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ പോസ്റ്റ് പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗല്‍വാനിലെ സൈനിക ഏറ്റുമുട്ടലിന് ശേഷം ഇത്തരമൊരു ഏറ്റുമുട്ടല്‍ ആദ്യമാണ്. 2020 ജൂണ്‍ 15നാണ് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനയുടെ 40 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
അരുണാചല്‍ പ്രദേശ് അതിര്‍ത്തി മേഖലയില്‍ ഇന്ത്യ- ചൈന സംഘര്‍ഷം ആദ്യമല്ല. മേഖലയില്‍ നിരീക്ഷണ യാത്രക്കിടയില്‍ സൈനികര്‍ തമ്മില്‍ ഉരസല്‍ ഉണ്ടാകാറുണ്ട്. 2021 ഒക്ടോബറിലും സംഘര്‍ഷം ഉണ്ടായിരുന്നു.
