
ന്യൂസിലന്‍ഡ് പര്യടനത്തിലെ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 65 റണ്‍സിൻ്റെ കൂറ്റന്‍ വിജയം. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. രണ്ട് ഇടംകൈയന്‍മാരെ ഓപ്പണിംഗിനയച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം പാളി. തുടര്‍ പരാജയങ്ങളെ നേരിടുന്ന ഉപനായകന്‍ ഋഷഭ് പന്ത് 13 ബോളുകള്‍ നേരിട്ട് ആറ് റണ്‍സ് മാത്രം നേടി പവലിയനിലെത്തി.
തുടര്‍ന്നെത്തിയ ശ്രേയസ് അയ്യരുമായി ഇഷാന്‍ കിഷന്‍ ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു. വെറ്ററന്‍ പേസര്‍ സൗത്തി 31 ബോളില്‍ നിന്ന് 36 റണ്‍സെടുത്ത കിഷനെ മടക്കി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ തൻ്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചലിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം മുന്നോട്ട് ചലിച്ചു. ലോക്കി ഫെര്‍ഗ്യൂസനെ ബൗണ്ടറി പായിക്കാന്‍ ശ്രമിച്ച ശ്രേയസ് അയ്യര്‍ നിര്‍ഭാഗ്യം കൊണ്ട് ഹിറ്റ് വിക്കറ്റായി പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 108 റണ്‍സിലെത്തിയിരുന്നു.

പിന്നീടെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ സാക്ഷിയാക്കി സൂര്യകുമാര്‍ യാദവിൻ്റെ വണ്‍ മാന്‍ ഷോ ആയിരുന്നു. 20ാം ഓവറില്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് ആണ് നഷ്ടമായത്. സൗത്തിയെ ബൗണ്ടറിക്ക് പുറത്തേക്ക് തൂക്കിയടിക്കാന്‍ ശ്രമിച്ച ഹാര്‍ദിക് പാണ്ഡ്യ ജിമ്മി നീഷത്തിൻ്റെ കൈകളിലൊതുങ്ങി. തൊട്ടടുത്ത പന്തില്‍ ദീപക് ഹൂഡയെ ഫെര്‍ഗ്യൂസന്റെ കൈകളിലെത്തിച്ച് സൗത്തി ഇന്ത്യയെ ഞെട്ടിച്ചു. അടുത്ത പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറും പവലിയനിലേക്ക് മടങ്ങിയതോടെ സൗത്തി തൻ്റെ ഹാട്രിക് വിക്കറ്റ് നേട്ടം ആഘോഷിച്ചു.
191 റണ്‍സ് ചെയ്‌സ് ചെയ്ത ന്യൂസിലന്‍ഡ് 18.5 ഓവറില്‍ 126 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ദീപക് ഹൂഡ 2.5 ഓവറില്‍ കേവലം 10 റണ്‍സ് വഴങ്ങിയ നാല് വിക്കറ്റ് സ്വന്തമാക്കി. ചഹലും സിറാജും രണ്ട് വിക്കറ്റ് വീതവും ഭുവനേശ്വര്‍ കുമാറും വാഷിംഗ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതവും കരസ്ഥമാക്കി. സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം.
