ചൈനക്കെതിരെ റഷ്യയുടെ സൗഹൃദം ഉപയോഗപ്പെടുത്തി ഇന്ത്യ; റഷ്യയിൽനിന്ന് സുഖോയ്, മിഗ് വിമാനങ്ങളുടെയും ടി 90 ടാങ്കുകളുടെയും കിലോ ക്ലാസ് അന്തർവാഹിനികളുടെയും യന്ത്രഭാഗങ്ങൾ എത്തിക്കും

  • Post category:news
  • Reading time:1 min read
You are currently viewing ചൈനക്കെതിരെ റഷ്യയുടെ സൗഹൃദം ഉപയോഗപ്പെടുത്തി ഇന്ത്യ; റഷ്യയിൽനിന്ന് സുഖോയ്, മിഗ് വിമാനങ്ങളുടെയും ടി 90 ടാങ്കുകളുടെയും കിലോ ക്ലാസ് അന്തർവാഹിനികളുടെയും യന്ത്രഭാഗങ്ങൾ എത്തിക്കും

യുദ്ധവിമാനങ്ങളുടെയും അന്തർവാഹിനികളുടെയും ടാങ്കുകളുടെയും യന്ത്രഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഉടൻ ഇന്ത്യയ്ക്ക് നൽകാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് റഷ്യയോട് ആവശ്യപ്പെടും. ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആണിത്. യുദ്ധവിമാനങ്ങൾ അടക്കമുള്ളവയുടെ ഘടകങ്ങൾ കടൽമാർഗം എത്തിക്കുന്നതിന് പകരം വ്യോമമാർഗം അതിവേഗം ഇന്ത്യയിൽ എത്തിക്കാനാണ് നീക്കമെന്ന് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

നിലവിൽ മൂന്ന് ദിവസത്തെ റഷ്യ സന്ദർശനം നടത്തുന്ന രാജ്നാഥ് സിങ് റഷ്യയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ലഡാക്കിലെ സ്ഥിതിഗതികൾ രാജ്നാഥ് റഷ്യയിലെ നേതാക്കളെ ധരിപ്പിക്കും. റഷ്യയിൽനിന്ന് വാങ്ങിയ സുഖോയ്, മിഗ് വിമാനങ്ങളുടെയും ടി 90 ടാങ്കുകളുടെയും കിലോ ക്ലാസ് അന്തർവാഹിനികളുടെയും യന്ത്രഭാഗങ്ങളാവും റഷ്യയോട് ഉടൻ ആവശ്യപ്പെടുക. വ്യോമസേനയ്ക്കുവേണ്ടി Su-30MKI, MiG – 29 യുദ്ധ വിമാനങ്ങളുടെയും നാവിക സേനയ്ക്കു വേണ്ടി MiG29K വിമാനങ്ങളുടെയും ഘടകങ്ങളാവും ആവശ്യപ്പെടുക.

യന്ത്രഭാഗങ്ങൾ കടൽമാർഗം എത്തിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന് പിന്നാലെ നീക്കം തടസപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ റഷ്യയുമായി ദീർഘകാലമായി നിലനിന്നിരുന്ന സൗഹൃദവും അടുത്ത ബന്ധവും കണക്കിലെടുത്ത് യന്ത്രഭാഗങ്ങൾ വ്യോമമാർഗം അടിയന്തരമായി ഇന്ത്യയിലെത്തിക്കാൻ പ്രതിരോധമന്ത്രി ആവശ്യപ്പെടുമെന്ന് ഉന്നത വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു.

അടുത്ത വർഷം അവസാനം ലഭിക്കുമെന്ന് കരുതുന്ന എസ് 400 വ്യോമ പ്രതിരോധ സംവിധാനം നേരത്തെ തന്നെ ഇന്ത്യയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെടും. പല കാരണങ്ങളാൽ ഇതിന്‍റെ കൈമാറ്റം നേരത്തെ വൈകിയിരുന്നു.

0Shares