
റഷ്യയുമായി സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ ആശങ്കയറിയിച്ച് യു.എസ് രംഗത്ത്. ഇന്ന് മുതല്‍ സെപ്തംബര്‍ 7 വരെ റഷ്യയിലെ വിവിധ മേഖലകളില്‍ നടക്കുന്ന വൊസ്റ്റോക് 2022 സൈനികാഭ്യാസത്തിലാണ് ഇന്ത്യ പങ്കെടുക്കുന്നത്.
ഏകദേശം 50,000ത്തോളം സൈനികര്‍, 60 യുദ്ധക്കപ്പലുകള്‍, 150 യുദ്ധവിമാനങ്ങള്‍ എന്നിവയടക്കം 5,000ത്തിലേറെ ആയുധ യൂണിറ്റുകളും സംയുക്ത സൈനികാഭ്യാസത്തില്‍ അണിനിരക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉക്രെയിനില്‍ റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ അവരുമായി ഏതെങ്കിലും രാജ്യം സൈനികാഭ്യാസം നടത്തുന്നതിനെ പറ്റി യു.എസിന് ആശങ്കയുണ്ട്. എന്നാല്‍ സൈനികാഭ്യാസങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഓരോ രാജ്യത്തിനും അവരുടേതായ തീരുമാനങ്ങള്‍ ഉണ്ട്. മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ത്യയുടെ പേരെടുത്ത് പറയാതെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ഷോണ്‍ പിയര്‍ പറഞ്ഞു.

ഇന്ത്യയ്ക്കും മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്കും പുറമേ ചൈന, ലാവോസ്, മംഗോളിയ, നിക്കരാഗ്വ, സിറിയ എന്നീ രാജ്യങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. റഷ്യയുടെ ഈസ്റ്റേണ്‍ മിലിട്ടറി ഡിസ്ട്രിക്റ്റിലെ ഏഴ് ട്രെയിനിംഗ് ഗ്രൗണ്ടുകളിലും ജപ്പാന്‍ കടല്‍, ഒഖോറ്റ്സ്‌ക് കടല്‍ എന്നിവിടങ്ങളിലും ഇവയുടെ തീരത്തും റഷ്യന്‍ ചീഫ് ഒഫ് ജനറല്‍ സ്റ്റാഫ് വലേറി ഗെറസിമോവിൻ്റെ നേതൃത്വത്തില്‍ സൈനികാഭ്യാസം നടത്തും.
സൈനികാഭ്യാസത്തില്‍ പങ്കെടുക്കുമെങ്കിലും നാവികാഭ്യാസത്തില്‍ ഇന്ത്യ പങ്കെടുക്കില്ല. ജപ്പാന്‍ കടലില്‍ റഷ്യയും ചൈനയും യുദ്ധക്കപ്പലുകളുമായി അഭ്യാസങ്ങള്‍ നടത്തുന്നുണ്ട്. ക്വാഡ് സഖ്യത്തിലെ പങ്കാളിയെന്ന നിലയ്ക്കാണ് ജപ്പാന് സമീപമുള്ള അഭ്യാസങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കുന്നത്.
