
ദില്ലി: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണത്തിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പങ്കെടുത്തു. ഇന്ത്യയിൽ ഉള്ള വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞർക്ക് അനുശോചനം രേഖപ്പെടുത്താൻ എംബസിയിൽ പുസ്തകം തയ്യാറാക്കിയിരുന്നു. ഈ പുസ്തകത്തിൽ ഇന്ത്യ ഒപ്പിവെച്ചു എന്നതാണ് പ്രധാനം. ഇന്ത്യ ഇതുവരെ അനുശോചനം രേഖപെടുത്താത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇന്നും നാളെയും ഒൻപതാം തീയതിയും എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്താം എന്നാണ് ഇറാൻ എംബസി അറിയിച്ചിട്ടുള്ളത്. ആദ്യം തന്നെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അനുശോചനത്തിന് എത്തി ഒപ്പ് രേഖപ്പെടുത്തിയിരുന്നു.
നിലവിൽ ഒരു ചർച്ചകൾക്കും ഇറാൻ തയ്യാറല്ല, കൊല്ലപ്പെട്ടത് തങ്ങളുടെ പിതാവെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ മുഹമ്മദ് ഫത്താലി പറഞ്ഞു. അദ്ദേഹം നിലകൊണ്ടത് ചരിത്രത്തിലെ ശരിയുടെ ഭാഗത്ത്. ഇറാൻ യുദ്ധം ആഗ്രഹിച്ചിട്ടില്ല. ഇറാൻ യുദ്ധത്തിനും സമാധാനത്തിനും തയ്യാറാണ്. പക്ഷെ സമാധാന ശ്രമങ്ങളെ ഇല്ലാതാക്കിയത് തങ്ങളല്ല. പശ്ചിമേഷ്യ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പാശ്ചാത്യ ശക്തി പശ്ചിമേഷ്യയുടെ സമ്പത്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഈ അവസരത്തിൽ അമേരിക്കയുമായി സമവായം സാധ്യമല്ല. കുട്ടികൾ പഠിക്കുന്ന സ്കൂൾ പോലും തകർത്തു. ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി, ഇറാൻ സത്യസന്ധത ആണ് പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെ ആക്രമിക്കാൻ ആർമി ബേസ് തുറന്ന് നൽകിയത് അയൽ രാജ്യങ്ങളാണ്. നല്ല ബന്ധമായിരുന്നു അയൽ രാജ്യങ്ങളുമായി ഉണ്ടായിരുന്നത്. ഇപ്പോഴും നല്ല ബന്ധങ്ങളുണ്ട്. ഗൾഫ് നാടുകളിലെ മണ്ണിൽ നിന്നും അമേരിക്ക ആക്രമണം നടത്തുമ്പോൾ അത്തരം ആർമി ബേസുകൾ തകർക്കുകയാണ് ഇറാൻ ചെയ്യുന്നത്. അതൊരു പ്രതിരോധമായി കണ്ടാൽ മതി, ഇന്ത്യയുമായി പണ്ടുകാലം മുതലേ അടുത്ത ബന്ധം ആണ് ഇറാന് ഉള്ളതെന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ പറഞ്ഞു.
