ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 19,459 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്ര

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്  19,459 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്ര

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന.കഴിഞ്ഞ 24 മണിക്കൂറിനിടെ 19,459 പേര്‍ക്കാണ് പുതുതായി കോവിഡ്സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു.ഇതില്‍ 2,10,120 എണ്ണം സജീവ കേസുകളാണ്. 3,21,723 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധ മൂലം 16,475 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതില്‍ 380 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരണപ്പെട്ടത്.

ജൂണ്‍ 28 വരെ 83,98,362 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇതില്‍ ഇന്നലെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത് 1,70,560 സാമ്പിളുകളാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധിതയേറുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 1,64,626 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 86,575 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 70,622 പേര്‍ നിലവില്‍ ചികിത്സയിലാണ്. 7,429 പേരാണ് കോവിഡ് മൂലം മഹാരാഷ്ട്രയില്‍ ഇതുവരെ മരണപ്പെട്ടത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹിയും തമിഴ്നാടുമാണ് മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിലുള്ളത്.

83,077 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 52,607 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 27,847 സജീവ കേസുകളുണ്ട്. 2,623 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. തമിഴ്നാട്ടില്‍ 82,275 പേര്‍ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 45,537 പേര്‍ രോഗമുക്തി നേടി. ഇതുവരെ 1,079 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്.

0Shares