Trending News





ന്യൂഡല്‍ഹി: ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ വായ്‌പയുമായി ബന്ധപ്പെട്ട് കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ പുതിയ ചട്ടത്തിന് രൂപം നല്‍കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. ചെറിയ തുകയ്ക്ക് വായ്‌പ എടുത്തവര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാന്‍ ഉദ്ദേശിച്ചാണ് കേന്ദ്രബാങ്ക് ഇതിലേക്ക് കടക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read
നിലവില്‍ വായ്‌പ എടുക്കുന്നവര്‍ പ്രോസസിങ് ഫീസ്, ഡോക്യുമെൻ്റെഷന്‍ ഫീസ് തുടങ്ങിയവ നല്‍കേണ്ടതുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള ഫീസുകള്‍ കാരണം വായ്‌പയ്ക്ക് വര്‍ഷംതോറും നല്‍കേണ്ട യഥാര്‍ഥ വാര്‍ഷിക പലിശ നിരക്കിനെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടാവണമെന്നില്ല. ഇത് പരിഹരിച്ച് യഥാര്‍ഥ വാര്‍ഷിക പലിശ നിരക്കിനെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ചട്ടമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

‘വായ്‌പയ്ക്ക് ഇത്രയും ശതമാനം പലിശയുണ്ടെന്ന് എല്ലാ ഉപഭോക്താവിനും അറിയാം. എന്നാല്‍ മുന്‍കൂറായി അടക്കുന്ന മറ്റ് ഫീസുകളും ഉണ്ട്. ഇതും യഥാര്‍ഥ പലിശ നിരക്കിലേക്ക് ചേര്‍ക്കേണ്ടതുണ്ട്. അതുവഴി ഉപഭോക്താവിന് താന്‍ നല്‍കുന്ന യഥാര്‍ഥ വാര്‍ഷിക പലിശ നിരക്ക് എന്താണെന്ന് വ്യക്തമായ ധാരണ ലഭിക്കും’ – ശക്തികാന്ത ദാസ് പറഞ്ഞു.
ഇതിനായി കീ ഫാക്റ്റ് സ്റ്റേറ്റ്മെണ്ട് (കെ.എഫ്.എസ്) ധനകാര്യ സ്ഥാപനങ്ങള്‍ ഉപഭോക്താവിന് നല്‍കണം. കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാണിത്. മുന്‍കൂറായി അടക്കുന്ന മറ്റ് ഫീസുകള്‍, വിവിധ ചാര്‍ജുകള്‍ മുതലായവയെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്നതായിരിക്കും കീ ഫാക്‌ട് സ്റ്റേറ്റ്‌മെണ്ട്. എല്ലാ ചെറുകിട വായ്‌പകളിലേക്കും കെ.എഫ്.എസ് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
മുന്‍കൂറായി അടയ്ക്കുന്ന ഫീസുകളും വിവിധ ചാര്‍ജുകളും എല്ലാം അടങ്ങുന്ന യഥാര്‍ഥ വാര്‍ഷിക പലിശ നിരക്ക്, റിക്കവറി, പരാതി പരിഹാര സംവിധാനം എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഉപഭോക്താവിന് ലഭിക്കാന്‍ ഇത് സഹായകമാകും.ഇത് വായ്‌പ നല്‍കുന്നതില്‍ സുതാര്യത കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

Sorry, there was a YouTube error.