പാക്കം ഗവൺമെണ്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ നവീകരിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ്‌ടു പാസായ വിദ്യാർത്ഥികൾക്ക് അനുമോദനവും

You are currently viewing പാക്കം ഗവൺമെണ്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ നവീകരിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ്‌ടു പാസായ വിദ്യാർത്ഥികൾക്ക് അനുമോദനവും

ബേക്കൽ / കാസർകോട്: പാക്കം ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപക രക്ഷാകർത്ത് സമിതി ജനകീയ പിന്തുണയോടെ നവീകരിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും സ്‌കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ കുട്ടികൾക്കുള്ള അനുമോദനവും നടന്നു. 2002ൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആണ് നാല് ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളിന് സ്റ്റേജ് നിർമാണത്തിന് പദ്ധതി നടപ്പിലാക്കിയത്.

ഹൈസ്‌കൂൾ മാത്രമായിരുന്നതിനാൽ നേരത്തെ കുട്ടികൾ കുറവായിരുന്നു അതുകൊണ്ട് ആദ്യകാലത്ത് പരിമിതികൾ ഒന്നും ഇല്ലാതെ സ്റ്റേജിൽ നിരവധി പരിപാടികൾ നടത്തപ്പെട്ടു. എന്നാൽ വിദ്യാലയം ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടതോടെ കുട്ടികളുടെ എണ്ണം വർധിച്ചു. സബ്‌ജില്ലാ, ജില്ലാ പരിപാടികളും മറ്റും നടത്തേണ്ടി വരുന്നു.

പരിപാടികൾ നടത്തുന്നതിൻ്റെ പ്രയാസം ബോധ്യപ്പെട്ടതിനാൽ ഇക്കഴിഞ്ഞ നവംബറിൽ ജനകീയ പങ്കാളിത്തത്തോടെ പി.ടി.എ ഫണ്ട് സ്വരൂപിച്ചാണ് ആധുനിക രീതിയിൽ പഴയ സ്റ്റേജ് നവീകരിച്ചത്. പിന്നണിക്കും ചമയത്തിനും സാധനങ്ങൾ സൂക്ഷിക്കുന്നതിനുമായി മൂന്ന് ഭാഗത്തേക്കും സൗകര്യമായ അളവിൽ വിപുലീകരിച്ചാണ് നവീകരണം നടന്നത്.

നവീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ പി.ശ്രീധരൻ ഈ മാസം 31ന് സർവീസിൽ നിന്നും വിരമിക്കുകയാണ്. അതിനാൽ പണിപൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പി.ടി.എ താല്പര്യപ്രകാരം സ്റ്റേജിൻ്റെ ഉദ്ഘാടനം നടത്തിയത്. ചരിത്രകാരൻ ഡോക്ടർ സി.ബാലൻ സ്റ്റേജിൻ്റെയും പരിപാടികളുടെയും ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു.

ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പാസായ കുട്ടികളെയും അനുമോദിച്ചു 19 എ പ്ലസ് എസ്.എസ്.എൽ.സി ക്കും 13 എ പ്ലസ് പ്ലസ് ടുവിനും ലഭിക്കുകയുണ്ടായി. മൂന്ന് എൻ.എം.എം.എസ്, എട്ട് എൽ.എസ്.എസ്, ഒരു യു.എസ്.എസ് എന്നിങ്ങനെയാണ് മറ്റ് പരീക്ഷകളിൽ വിജയിച്ച കുട്ടികളുടെ എണ്ണം. പ്ലസ് ടു പരീക്ഷയിൽ 1197 മാർക്ക് വാങ്ങിയ അനുജയ്ക്ക് മുൻ പി. ടി എ പ്രസിഡണ്ട് ഏർപ്പെടുത്തിയ പി.ബി. സുഹൈബ് എൻഡോമെണ്ടും നൽകി.

ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.അരവിന്ദ മുഖ്യാതിഥിയായി. എസ്.എം.സി ചെയർമാൻ ടി.കുമാരൻ, മദർ പി.ടി.എ പ്രസിഡണ്ട് സി.പ്രസീന, പി.ടി.എ വൈസ്. പ്രസിഡണ്ട് എ.രാമനാഥൻ, പി.ടി.എ മുൻ പ്രസിഡണ്ട് ടി.പ്രഭാകരൻ, മദർ പി.ടി എ വൈസ്. പ്രസിഡണ്ട് എ.ടി നിഷ, സീനിയർ അസിസ്റ്റണ്ട് പി.കുഞ്ഞിരാമൻ, സ്‌കൂൾ ലീഡർ എസ്.ദേവാനന്ദ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.പി. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ പി.ശ്രീധരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.പി ജയശ്രീ നന്ദിയും പറഞ്ഞു. പി.ടി.എ വകയായി മധുരപലഹാര വിതരണവും നടന്നു.

0Shares