പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് സുതാര്യത ഉറപ്പാക്കും; മുന്നിപ്പാടി പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ്

  • Post category:local news
  • Reading time:2 mins read
You are currently viewing പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് സുതാര്യത ഉറപ്പാക്കും; മുന്നിപ്പാടി പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്ത്  മന്ത്രി പി. എ മുഹമ്മദ് റിയാസ്

കാസർകോട്: വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരമാവധി ജനങ്ങളെയും ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് സംസാരിച്ച് സുതാര്യത ഉറപ്പാക്കി പോകുന്ന രീതിയാണ് ഇന്നത്തെ കാലത്ത് പൊതുമരാമത്ത് പോലുള്ള വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ ഫലപ്രദമെന്ന് പൊതുമരാമത്ത് ടൂറിസം യുവജനകാര്യ മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ മീഞ്ച, പൈവളികെ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുന്നിപ്പാടി പാലത്തിൻ്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമരാമത്തിൻ്റെ പ്രവൃത്തി ആയാലും പ്രവര്‍ത്തനോദ്ഘാടനമായാലും പദ്ധതി ഉദ്ഘാടനമായാലും മറ്റ് വിലയിരുത്തലുകളായാലും ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നമായാലും പരമാവധി നേരിട്ടെത്തുകയാണ് ലക്ഷ്യം. എല്ലാ കാര്യങ്ങളും ജനങ്ങള്‍ അറിയും. ജനങ്ങള്‍ എല്ലാ കാര്യങ്ങളും മനസ്സിലാക്കുമ്പോള്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഈ ഒരു കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് പരിപാലന കാലാവധി ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 3400 ഓളം ബോര്‍ഡുകള്‍ വിവിധ റോഡുകള്‍ക്ക് സമീപം സ്ഥാപിച്ചു.

സുതാര്യത ഉറപ്പുവരുത്തുകയാണ് ഇതിലൂടെയെല്ലാം ലക്ഷ്യമിടുന്നത്. ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണ്. ഏതൊരു പദ്ധതിയിലും ജനങ്ങള്‍ക്ക് എവിടെയെങ്കിലും പോരായ്മയുണ്ടെങ്കില്‍ എന്തെങ്കിലും തെറ്റായ പ്രവണത കാണുന്നുണ്ടെങ്കില്‍ അത് പെട്ടെന്ന് നേരിട്ട് ചൂണ്ടിക്കാണിക്കാനാവുക എന്നതാണ് പ്രധാനമെന്നും മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 15.6 കോടി രൂപ ചെലവിലാണ് മുന്നിപ്പാടി പാലം നിര്‍മിക്കുക. മീഞ്ച പഞ്ചായത്തില്‍ മുന്നിപ്പാടി പുഴയ്ക്ക് കുറുകെ കൊമ്മങ്കള റോഡില്‍ മീഞ്ച -പൈവളികെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. 177.24 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമുണ്ടാകും പാലത്തിന്. പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് സാക്ഷാത്കരിക്കാന്‍ പോകുന്നത്.

ഉദ്ഘാടനച്ചടങ്ങില്‍ എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിശിഷ്ടാതിഥിയായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആര്‍ ഷെട്ടി, പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് കെ ജയന്തി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കമലാക്ഷി, നാരായണ നായിക്, മീഞ്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാമ ബല്ലങ്കൂടല്‍, മീഞ്ച പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ റുഖിയ സിദ്ധീഖ്, ബാബു സി. കുളുര്‍, സരസ്വതി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എല്‍ അശ്വിനി, സരോജ ആര്‍ ബല്ലാള്‍, കെ. വി രാധാകൃഷ്ണ, പൈവളികെ ഗ്രാമ പഞ്ചായത്ത് അംഗം സീതാറാം ഷെട്ടി, മീഞ്ച ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിസ്രിയ, നാരായണതുംഗ, ജ്യോതി പി റൈ, കുസുമ മോഹന്‍, ചന്ദ്രശേഖര കോടി, ജനാര്‍ദ്ദന പൂജാരി കുളു, പി.എം ആശാലത, രേഖ ശരത്ത്, വിനോദ് ജി ബെജ്ജ, അബ്ദുല്‍ റസാഖ് കളയൂര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ വി കുഞ്ഞിരാമന്‍, ബി.വി രാജന്‍, ഇഖ്ബാല്‍ കളിയൂര്‍, വാഹിദ് കൂടല്‍, രാഘവ ചേരാല്‍, ബി.എം ആദര്‍ശ്, ജയകുമാര്‍ മിയാപദവ്, മീഞ്ച ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് എം. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്മോഹന്‍ സ്വാഗതവും മീഞ്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. നന്ദഗോപാല്‍ നന്ദിയും പറഞ്ഞു.

0Shares