
കാസർകോട്: സംസ്ഥാനത്തെ ആദ്യത്തെ വനിതാ സ്റ്റേഡിയത്തിൻ്റെ സാങ്കേതിക നടപടികള്‍ പുരോഗമിക്കുന്നു. പദ്ധതിയുടെ പ്രോപ്പോസല്‍ നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ചു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ആദ്യ പിങ്ക് സ്റ്റേഡിയമായി ഇത് മാറും. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി മാറ്റാന്‍ പദ്ധതിയിടുന്നത്.
നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും. 2021 ഒക്ടോബര്‍ 30ന് കായിക മന്ത്രി വി. അബ്ദുള്‍ റഹ്‌മാനാണ് ജില്ലയില്‍ വനിതകള്‍ക്കായി സ്റ്റേഡിയം സ്ഥാപിക്കുമെന്ന് അറിയിച്ചത്. അന്ന് മന്ത്രിയും, കായിക വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദും താളിപ്പടുപ്പ് മൈതാനം സന്ദര്‍ശിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കൂടുതല്‍ പെണ്‍കുട്ടികളെ കളിക്കളത്തിലേക്ക് ആകര്‍ഷിക്കാനും കായികരംഗത്ത് മികച്ച വനിതാ താരങ്ങളെ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. രാവിലെയും വൈകിട്ടും തടസങ്ങളില്ലാതെ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നടത്താന്‍ സാധിക്കും. വനിതകള്‍ക്കായുള്ള പിങ്ക് സ്റ്റേഡിയം കാസര്‍കോട് ഒരുക്കുവാനുള്ള വിഷയം നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിയോട് നേരിട്ടും വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ വേഗത്തില്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.
പിങ്ക് സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാനുള്ള തിരുമാനം നഗരസഭ അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തിരുമാനത്തിനനുസരിച്ച് തുടര്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് കാസര്‍കോട് നഗരസഭ അധ്യക്ഷന്‍ വി.എം.മുനീര്‍ പറഞ്ഞു. നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച് പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടനെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി ബിജു അറിയിച്ചു.
വനിതകള്‍ക്ക് മാത്രമായി സ്റ്റേഡിയം ഒരുങ്ങുന്നത് സ്ത്രീകളുടെ കായികരംഗത്തേക്കുള്ള താത്പര്യം കൂട്ടുമെന്നും പിങ്ക് സ്റ്റേഡിയം യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയുടെ കായിക രംഗത്തിന് കുതിപ്പേകുമെന്നും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഹബീബ് റഹ്‌മാന്‍ പറഞ്ഞു.
