ഇമ്രാൻ ഖാൻ്റെ അറസ്റ്റ്; പാകിസ്ഥാനിൽ കലാപം; നിരോധനാജ്ഞ; ഇന്റർനെറ്റ് വിഛേദിച്ചു

  • Post category:international / news
  • Reading time:1 min read
You are currently viewing ഇമ്രാൻ ഖാൻ്റെ അറസ്റ്റ്; പാകിസ്ഥാനിൽ കലാപം; നിരോധനാജ്ഞ; ഇന്റർനെറ്റ് വിഛേദിച്ചു

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനിൽ കലാപം രൂക്ഷം. ഇമ്രാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാൻ പൊട്ടിപ്പുറപ്പെട്ട ആക്രമണത്തിൽ ക്വറ്റയിൽ ഇമ്രാൻ്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‍രി ഇ-ഇൻസാഫ് പ്രവർത്തകരായ രണ്ട് പേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് മരണമുണ്ടായത്.

വിവിധ സ്ഥലങ്ങളിൽ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. 20 തിലേറെ പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റാവൽപിണ്ടിയിലെ സൈനിക കേന്ദ്രവും പ്രതിഷേധക്കാർ കയ്യേറി. ഇസ്ലമാബാദിനും, കറാച്ചിക്കും പുറമെ പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്റർനെറ്റ് ബന്ധം വിഛേദിച്ചു. സർക്കാർ ഓഫീസുകൾ പ്രതിഷേധക്കാർ കൈയ്യേറി.

ഇസ്ലാമാബാദ് ഹൈക്കോടതിക്കുള്ളിൽ വെച്ച് ഇന്നലെയാണ് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ഇമ്രാനെ കസ്റ്റഡിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. അഴിമതിക്കേസിലാണ് നടപടി. നാടകീയ രംഗങ്ങൾക്കാണ് ഇസ്ലാമാബാദിലെ കോടതി പരിസരം സാക്ഷ്യം വഹിച്ചത്. അഴിമതിക്കേസിൽ ഹാജരാകാനായി വൻ വാഹനവ്യൂഹവുമായി ഉച്ച തിരിഞ്ഞ് ഇമ്രാൻ കോടതിയിലേക്ക് പുറപ്പെട്ടു.

കോടതി മുറിയിലേക്കെത്തിയ ഇമ്രാനെ അവിടെ നിന്ന് പാക് റെയ്ഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തു. പിന്നാലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച സമ്മാനങ്ങൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചെന്ന കേസും റിയൽ എസ്റ്റേറ്റ് അഴിമതിയിടപാടുകളും ഉൾപ്പെടെ അറുപതിലേറെ കേസുകൾ അധികാരത്തിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെ ഇമ്രാനെതിരെ ചുമത്തിയിരുന്നു.

0Shares