പാവങ്ങൾക്ക് ലൈഫ് പദ്ധതിക്ക് പതിച്ച് നല്‍കിയ സ്ഥലത്ത് അനധികൃത നിര്‍മ്മാണമെന്ന് ആരോപണം; വിജിലൻസ് പരിശോധനക്ക് ഒരുങ്ങുന്നു

You are currently viewing പാവങ്ങൾക്ക് ലൈഫ് പദ്ധതിക്ക് പതിച്ച് നല്‍കിയ സ്ഥലത്ത് അനധികൃത നിര്‍മ്മാണമെന്ന് ആരോപണം; വിജിലൻസ് പരിശോധനക്ക് ഒരുങ്ങുന്നു

ബദിയടുക്ക / കാസർകോട്: ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി പതിച്ചു നല്‍കിയ സ്ഥലത്ത് അനധികൃത കെട്ടിടം പണിയാനുള്ള നീക്കമെന്ന് ആരോപണം. ബദിയടുക്ക പഞ്ചായത്തിലെ ബേള വില്ലേജില്‍ ഏണിയര്‍പ്പില്‍ റീ സര്‍വ്വേ നമ്പര്‍ 333-ൽ ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി പതിച്ചു നല്‍കിയ സ്ഥലത്താണ് നിര്‍മ്മാണ പ്രവര്‍ത്തനം.

സംഭവത്തിൽ പരാതി ലഭിച്ചതായി അറിയില്ലെന്ന് മൂന്നുമാസം മുമ്പ് ചാർജെടുത്ത വില്ലജ് ഓഫീസർ ശശി പി.എസ് ചാനൽ ആർ.ബിയോട് പറഞ്ഞു. സംഭവത്തിൽ കാസർകോട് വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക്‌ ഒരുങ്ങുന്നു.

2015-16 വർഷത്തിൽ ബേളയിൽ റീ സർവ്വേ നമ്പർ 333-ൽ 32.50 ഏക്കറോളം സ്ഥലമാണ് 140 കുടുംബങ്ങൾക്ക് മൂന്ന് സെന്റ്‌ വീതം ഭൂമി പതിച്ചു നൽകിയതെന്നാണ് വിവരം. ഇതിലേക്ക് റോഡ്, നടവഴി, വാട്ടർ ടാങ്ക് സ്ഥാപിക്കാനുള്ള സ്ഥലം തുടങ്ങിയവയും ഉണ്ട്. സർവ്വേ നടത്തി അതിർത്തി നിർണയിച്ചു ലഭിക്കാൻ മുൻ ജില്ലാ കളക്ടർ നിരവധി തവണയാണ് ഉത്തരവുകൾ ഇറക്കിയിരുന്നത്.

1. ബേള വില്ലജ് കാര്യാലയം, 2. ആരോപണ വിധേയമായ നിർമാണം

എന്നാൽ ഭൂമി ലഭിച്ച പലരും വീട് നിർമ്മിക്കാതെയും അതിർത്തി നിർണയിച്ച്‌ കൈവശം വച്ച് അനുഭവിക്കാതെയും ചെയ്‌തിരിക്കുകയാണ്. സംഭവത്തിൽ കയ്യേറ്റം ഉണ്ടെന്ന് കണ്ടെത്തിയാൽ കർശന നിയമ നടപടികൾ ഉണ്ടാകുമെന്നാണ് റവന്യു അധികൃതർ പറയുന്നത്.

സ്വന്തമായി സ്ഥലം ഇല്ലാത്ത നിര്‍ധന കുടുംബംഗങ്ങള്‍ക്ക് വീട് വെക്കുന്നതിന് വേണ്ടിയാണ് സ്ഥലം പതിച്ച് നല്‍കിയത്. വാടക മുറികളിലും പുറമ്പോക്കുകളിലും താമസിക്കുന്നവരെ കണ്ടെത്തി സ്വന്തമായി സ്ഥലം ഇല്ലെന്ന് തെളിയിക്കുന്ന കുടുംബത്തിനാണ് വീട് വെക്കുന്നതിന് സ്ഥലം സർക്കാർ പതിച്ച് നല്‍കിയത്.

അര്‍ഹതപ്പെട്ട പല കുടുംബങ്ങളും വാടക മുറികളിലും ഷെഡ്ഡുകളിലും താമസിക്കുമ്പോള്‍ അനര്‍ഹര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് വരികയും ലൈഫ് ഭവന പദ്ധതിയില്‍ സ്ഥലവും വീട് അനുവദിച്ച ഗുണഭോക്താക്കളുടെയും പട്ടിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം.

ഇതുസംബന്ധിച്ച് വിജിലന്‍സ് അധികൃതര്‍ക്കും പരാതി നല്‍കിയതായി നാട്ടുകാർ പറയുന്നു. എന്നാൽ പരാതിയെ കുറിച്ച് വിജിലൻസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Report Peethambaran kuttikol

0Shares