
നിര്‍മ്മാണ രംഗത്തുള്‍പ്പെടെ വിവിധ തൊഴില്‍മേഖലയിലേക്ക് വിദഗ്ധരെ വാര്‍ത്തെടുക്കുകയാണ് സംസ്ഥാന തൊഴില്‍വകുപ്പിന് കീഴില്‍ കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ടര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍(ഐ.ഐ.ഐ.സി). അഞ്ചാം തരം യോഗ്യതയുള്ളവര്‍ക്ക് സര്‍ട്ടഫിക്കറ്റ് കോഴ്സ് മുതല്‍ ബി.ടെക് പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവര്‍ക്ക് പി.ജി ഡിപ്ലോമ വരെയുള്ള കോഴ്സുകള്‍ ഇവിടെയുണ്ട്.
സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് അഞ്ച് വര്‍ഷം കഴിയുമ്പോള്‍ വിദഗ്ധ പരിശീലനം നേടി 600 പേര്‍ പഠിച്ചിറങ്ങി. സര്‍ക്കാര്‍ സഹായത്തോടെ ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ പ്ലേസ്മെന്റ് സൗകര്യവും ഉറപ്പുവരുത്തുന്നുണ്ട്. ഏത് മേഖലയിലാണോ ഉദ്യോഗാര്‍ഥികള്‍ക്ക് വൈദഗ്ധ്യം വേണ്ടത് അതിനുതകുന്ന തരത്തിലാണ് കോഴ്സുകള്‍. 25ശതമാനം മാത്രമാണ് ക്ലാസ് റൂം പഠനമുള്ളത്. ബാക്കിയുള്ളവര്‍ പ്രാക്ടിക്കല്‍ ക്ലാസുകളുമാണ്. ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പിനും ഇവിടെ സൗകര്യമുണ്ട്.
ബിടെക് അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുമ്പോഴേക്കും പിജി ഡിപ്ലോമ നേടാന്‍ സാധിക്കുന്ന ഡ്യുവല്‍ ഡിപ്ലോമ കോഴ്‌സും ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം സഹായകമായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജി ഐ എസ് വനിതകള്‍ കൂടുതല്‍ ചേരുന്ന കോഴ്‌സാണ്. നാഷണല്‍ സ്‌കില്‍ ഡവല്പമെന്റ് കോര്‍പറേഷന്‍ കണ്‍സ്ട്രക്ഷന്‍ സ്‌കില്‍ ഡവല്ലമെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നീ ദേശീയ സ്ഥാപനങ്ങള്‍ രൂപകല്പന ചെയ്ത പ്രായിക പരിശീലന പദ്ധതിയാണ് ഇവിടെയും ആവിഷ്‌ക്കരിക്കുന്നത്
ഐ.ഐ.ഐ.സിയിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. www.iiic.ac.in വഴി അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ പ്രൊഫ.ബി.സുനില്‍കുമാര്‍ അറിയിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ ട്രെയിനിങ് പാര്ട്ണര്‍. നൈപുണ്യ വികസനത്തിന് ഏറ്റവും കൂടുതല്‍ സൗകര്യം ഉറപ്പു വരുത്തുന്ന സര്‍ക്കാര്‍ സ്ഥാപനം കൂടിയാണ് ഇത്.

സ്‌കോളര്‍ഷിപ്പോടെ പഠനം
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താന്‍ സാധിക്കുമെങ്കിലും ഭൂരിഭാഗം ആളുകളും ഇതിനെക്കുറിച്ച് ബോധവാന്‍മാരല്ല. നിലവില്‍ ഈ വിഭാഗങ്ങളില്‍ 400ഓളം പേരാണ് ഇവിടെ നിന്നും വിവിധ കോഴ്സുകള്‍ പഠിച്ചിറങ്ങിയത്. ഇത് മുഴുവനായും കൊല്ലം ജില്ലയില്‍ നിന്നും മാത്രമുള്ള പഠിതാക്കളാണ്.
മറ്റു ജില്ലകളില്‍ ഇതേക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ശില്പശാലകളും ഐ.ഐ.ഐ.സി നടത്തുന്നുണ്ട്. കാസര്‍കോട് കളക്ടറേറ്റില്‍ നടന്ന ശില്‍പശാലയില്‍ ഡയരക്ടര്‍ പ്രൊഫ.ബി.സുനില്‍കുമാര്‍, ഡെപ്യൂട്ടി ഡയരക്ടര്‍ കെ.രാഘവന്‍ എന്നിവര്‍ കോഴ്സുകളെക്കുറിച്ച് വിശദീകരിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
