
ലീഗ് നേതാവും അഴീക്കോട് എം. എൽ. എയുമായ കെ. എം ഷാജിയുടെ കണ്ണൂരിലെ ചാലാടുള്ള വീട്ടിൽ നിന്ന് 50 ലക്ഷം രൂപ കണ്ടെത്തി. വിജിലൻസ് പരിശോധനയിലാണ് അരക്കോടിയോളം രൂപ കണ്ടെത്തിയത്. എം. എൽ. എയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവില്‍ കെ. എം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോടുമുള്ള വീടുകളിൽ നടക്കുന്ന റെയ്ഡ് 12 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്.

വിജിലൻസ് പരിശോധന 12 മണിക്കൂർ കഴിയുമ്പോഴാണ് കെ. എം ഷാജിയുടെ വീട്ടിൽ നിന്ന് 50 ലക്ഷം രൂപ കണ്ടെത്തിയെന്ന വാർത്തകൾ പുറത്തു വരുന്നത്. കെ. എം ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി വരികയായിരുന്നു. ഇന്നു രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിട്ടുണ്ട്. ഭാര്യ ആശയുടെ പേരിലാണ് അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
