
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം. നവംബർ 22 രാവിലെ പത്തുമണിക്ക് രജിസ്ട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കകം തന്നെ 6000ത്തിൽപ്പരം പേർ പ്രതിനിധികളായി രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തമാണ് രജിസ്ട്രേഷൻ്റെ ആദ്യ മണിക്കൂറുകളിൽ ദൃശ്യമായത്.
15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 12000ത്തോളം ഡെലിഗേറ്റുകൾക്ക് പങ്കെടുക്കാം. www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർത്ഥികൾക്ക് ജി.എസ്.ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം.
എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മൽസര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകൾ, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ സിനിമകൾ എന്നിവ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ക്യൂബൻ ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകൾ 28ാമത് ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽനിന്നുള്ള നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും.

ഡിസംബർ എട്ടിന് നിശാഗന്ധിയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് നൽകി കെനിയൻ സംവിധായിക വനൂരി കഹിയുവിനെ ആദരിക്കും. 15ന് നിശാഗന്ധിയിൽ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങിൽ വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അച്ചീവ്മെണ്ട് പുരസ്‌കാരം സമ്മാനിക്കും. അറിയിച്ചു. പത്തുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. യൂറോപ്യൻ സിനിമയിലെ അതികായനായ സനൂസിയുടെ ആറ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. പെർഫക്റ്റ് നമ്പർ, ദ ഇല്യുമിനേഷൻ, ദ കോൺട്രാക്റ്റ്, ദ സ്‌പൈറൽ, ഫോറിൻ ബോഡി, എ ഇയർ ഓഫ് ദ ക്വയറ്റ് സൺ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജീവിതം, മരണം, വിശ്വാസം, ധാർമ്മികത, സ്വാതന്ത്ര്യം, അസ്തിത്വം, വാർധക്യം എന്നിവയെ സംബന്ധിച്ച ആകുലതകളും ഉത്കണ്ഠകളും പങ്കുവെക്കുന്നവയാണ് സനൂസിയുടെ ചിത്രങ്ങൾ. 1939ൽ വാഴ്‌സയിൽ ജനിച്ച സനൂസി പോളണ്ടിലെ ലോഡ്‌സിലെ നാഷണൽ ഫിലിം സ്‌കൂളിൽ നിന്ന് ബിരുദം നേടി. 1966ൽ സംവിധാനം ചെയ്ത ‘ഡത്തെ് ഓഫ് എ പ്രോവിൻഷ്യൽ അദ്ദേഹത്തിൻ്റെ ഡിപ്‌ളോമ ഫിലിം ആയിരുന്നു. വിശുദ്ധി, അശുദ്ധി, യൗവനം, വാർധക്യം, ജീവിതം, മരണം എന്നീ പ്രമേയങ്ങളിലൂടെ കടന്നുപോവുന്ന ഈ ഹ്രസ്വചിത്രം അദ്ദേഹത്തിൻ്റെ പിൽക്കാല ചലച്ചിത്ര ജീവിതത്തിൻ്റെ ദിശാസൂചിയായി. ആദ്യമായി സംവിധാനം ചെയ്ത ഫീച്ചർ ഫിലിം ‘ദ സ്ട്രക്ചർ ഓഫ് ക്രിസ്റ്റൽ’ പോളിഷ് സിനിമയിലെ മൂന്നാംതരംഗത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. എഴുപതുകളിലാണ് സനൂസിയുടെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങൾ പിറവി കൊണ്ടത്. ദ ഇല്യുമിനിഷേൻ (1973), കമോഫ്‌ളാഷ് (1976), ഫാമിലി ലൈഫ് (1970), സ്‌പൈറൽ (1978) എന്നിവ ഇതിൽപ്പെടുന്നു. ‘ലൈഫ് ഏസ് എ ഫാറ്റൽ സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസ്(1999),ഫോറിൻ ബോഡി (2014),എഥർ (2018), ദ പെർഫക്റ്റ് നമ്പർ (2022) എന്നിവയാണ് അദ്ദേഹത്തിൻ്റെ സമീപകാല ചിത്രങ്ങൾ. 1984ലെ വെനീസ് മേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്‌കാരം നേടിയ ചിത്രമാണ് ‘എ ഇയർ ഓഫ് ദ ക്വയറ്റ് സൺ’. ‘ദ കോൺസ്റ്റന്റ് ഫാക്ടർ’ കാൻ ചലച്ചിത്രമേളയിൽ പ്രത്യേകജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്. തൻ്റെ സുഹൃത്തായ വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കിയുടെ ‘ക്യാമറ ബഫ്’ എന്ന സിനിമയിൽ താനായി തന്നെ സനൂസി വേഷമിട്ടിരുന്നു.
1980കളുടെ ഒടുവിൽ സ്വീഡിഷ് സംവിധായകൻ ഇംഗ്മർ ബെർഗ്മാനുമായി ചേർന്ന് സനൂസി യൂറോപ്യൻ ഫിലിം അക്കാദമി സ്ഥാപിച്ചു. ചലച്ചിത്രാധ്യാപകൻ കൂടിയായ സനൂസി ഇപ്പോൾ സ്വിറ്റ്‌സർലന്റിലെ യൂറോപ്യൻ ഗ്രാജ്വേറ്റ് സ്‌കൂൾ, പോളണ്ടിലെ ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കി ഫിലിം സ്‌കൂൾ എന്നിവിടങ്ങളിൽ പ്രൊഫസറാണ്. 1998ൽ നടന്ന ഐ.എഫ്.എഫ്.കെയിൽ സനൂസി പങ്കെടുത്തിരുന്നു.
