
ഇന്ത്യയ്ക്കായി ടെന്നീസില്‍ ഏറ്റവുമധികം നേട്ടങ്ങള്‍ എത്തിപ്പിടിച്ച താരങ്ങളിലൊരാളാണ് സാനിയ മിര്‍സ. അര ഡസന്‍ ഗ്രാന്റ് സ്ലാം കിരീടങ്ങളാണ് സാനിയയുടെ ഹൈദരാബാദിലെ വീട്ടില്‍ വിശ്രമിക്കുന്നത്. പക്ഷേ, കരിയറിലെ വലിയ മോഹഭംഗം തനിക്ക് വിഷമം നല്‍കുന്നെന്ന് തുറന്നു പറയുകയാണ് കോര്‍ട്ടില്‍ നിന്നുള്ള റിട്ടയര്‍മെന്റിന് ശേഷം താരം. ഒരു ഒളിംപിക് മെഡല്‍ തൻ്റെ വലിയ ആഗ്രഹമായിരുന്നു. അതും കൂടിയുണ്ടായിരുന്നെങ്കില്‍ കരിയര്‍ പൂര്‍ണമാകുമായിരുന്നെന്ന് സാനിയ പറയുന്നു.
‘എൻ്റെ സ്വപ്‌നങ്ങള്‍ ഒട്ടുമിക്കവയും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. പക്ഷേ കരിയര്‍ പൂര്‍ണതയിലേക്കെത്തിക്കാന്‍ ഒരു ഒളിംപിക് മെഡല്‍ കൂടി വേണമായിരുന്നു. 2016 ലെ റിയോ ഒളിംപിക്‌സില്‍ ഞാന്‍ അതിന് തൊട്ടടുത്തെത്തി,’ സാനിയ പറഞ്ഞു.

അത്‌ലറ്റ് എല്ലായ്‌പ്പോഴും അതിമോഹങ്ങളുള്ള ആളായിരിക്കുമെന്നും അതാണ് തുടര്‍ന്ന് കളിക്കാന്‍ പ്രേരണ നല്‍കുന്നതെന്നും സാനിയ മിര്‍സ ചൂണ്ടിക്കാട്ടി. ദുബായ് ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ കളിച്ചുകൊണ്ട് കഴിഞ്ഞ മാസമാണ് ടെന്നീസ് കരിയറിന് സാനിയ വിരാമമിട്ടത്.
