അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരും: പ്രിയങ്കാ ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരും: പ്രിയങ്കാ ഗാന്ധി

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തേജ്പൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാര്‍ച്ച് 27 മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് 126 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസന്തോറും 2000 രൂപ വീതം നല്‍കുമെന്നും എല്ലാ വീടുകളിലും സൗജന്യമായി 200 യൂണിറ്റ് വൈദ്യുതി നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു. തേയിലത്തൊഴിലാളികള്‍ക്ക് കൂലി വര്‍ദ്ധിപ്പിക്കുമെന്നും 25000 ജോലി അവസരങ്ങള്‍ യുവാക്കള്‍ക്കായി തുറക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

’25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് ബി.ജെ.പി യുവാക്കള്‍ക്ക് പകരം നല്‍കിയത് പൗരത്വ നിയമമാണ്. ഞങ്ങള്‍ നിങ്ങള്‍ക്ക് നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കില്ല’, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി അസമില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രിയങ്ക.

0Shares