
കമ്പല്ലൂർ / കാസർകോട്: അതിർത്തിയിൽ രാജ്യം കാക്കാൻ കാണിച്ച സൂക്ഷ്‌മതയും രാജ്യത്തിൻ്റെ പ്രതിരോധ മേഖലയിലും നീതി പുലർത്തിയ ഔദ്യോഗിക ജീവിതത്തിൽ നിന്നും നാല്പതോളം സൈനികർ കൂടി വിരമിച്ചു. കമ്പല്ലൂർ, തെക്കേവീട്ടിൽ ടി.വി കൃഷ്‌ണൻ അതിർത്തിയിൽ സൈനികനായും എയ്റോ നോട്ടിക്കൽ എൻജിനീയറായും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് പടിയിറങ്ങിയത്. 40 വർഷത്തെ സേവനത്തിന് ശേഷമാണ് ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്കൽ ലിമിറ്റഡ് എൻജിനീയറിങ് വിഭാഗത്തിൽ നിന്ന് മാസ്റ്റർ സൂപ്പർവൈസർ പദവിയിൽ നിന്നും കൃഷ്‌ണൻ പടിയിറങ്ങുന്നത്.
കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വയക്കര സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി വിജയിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം 1983 ആഗസ്റ്റില്‍ പതിനെട്ടാമത്തെ വയസില്‍ മിലിറ്ററിയില്‍ ചേര്‍ന്നു. യുദ്ധങ്ങളില്‍ സജീവമായി ഉപയോഗിക്കുന്ന ടാങ്കറിൻ്റെ ടെക്‌നീഷ്യനായി ഹൈദരാബാദിൽ ആയിരുന്നു നിയമനം..അതേസമയം തന്നെ ഹൈദരാബാദിലെ ഇ.എം.ഈ കോളേജില്‍ ഡിപ്ലോമ ഇൻ എറനോട്ടിക്കല്‍ എഞ്ചീനിയറിംങ് കോഴ്‌സും പൂര്‍ത്തിയാക്കി.
പരിശീലനത്തിന് ശേഷം നാസിക്കിലാണ് നിയമനം ലഭിച്ചത്. കാര്‍ഗില്‍ യുദ്ധമുഖത്ത് ടെക്‌നിക്കല്‍ വിഭാഗത്തില്‍ സദാസമയവും പൊക്രാന അണുവിസ്‌ഫോടന സമയത്തുണ്ടായ പ്രശ്‌നങ്ങള്‍ നേരിടുന്നതിലും പൂര്‍ണസമയം കര്‍മ്മനിരതനായി.

മണിപ്പൂര്‍, നാഗാലാണ്ട്, ഝാന്‍സി എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം നാസികില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ബംഗളൂരു ഹിന്ദുസ്ഥാന്‍ എറനോട്ടിക്കല്‍ ലിമിറ്റഡിൽ (എച്ച്.എ എൽ) 2003 നവംബര്‍ മൂന്നിന് ഹെലികോപ്റ്റര്‍ എന്‍ജിനീയറിംങ് വിഭാഗത്തിൻ്റെ ടെക്‌നീഷ്യനായി നിയമനം ലഭിച്ചു .
2004 മുതല്‍ 2011 വരെ നാസികില്‍ കസ്റ്റംസ് സപ്പോര്‍ട്ടിംങും ആര്‍മി ഏവിയേഷന്‍ സ്‌ക്വാഡിലും പ്രവര്‍ത്തിച്ചു. 2011 മുതല്‍ 17 വരെ കൊച്ചി ഐ.എന്‍.എസ് ഗരുഡയില്‍ നേവി കസ്റ്റംസ് സപ്പോര്‍ട്ടിംങ് ടെക്‌നിക്കല്‍ വിഭാഗത്തിലും പ്രവര്‍ത്തിച്ചു. കേരളത്തില്‍ ആദ്യമുണ്ടായ പ്രളയ സമയത്ത് നേവിയെ പൂര്‍ണമായും സഹായിച്ച് രക്ഷാ പ്രവര്‍ത്തനത്തിൻ്റെ ഭാഗമായി. തുടര്‍ന്ന് 2017 മുതല്‍ 2024 ഏപ്രില്‍ 30 വരെ ബാഗ്ലൂര്‍ എച്ച്.എ.എല്‍ ആസ്ഥാനത്തെ സേവനത്തോടെയാണ് വിരമിക്കുന്നത്.
കൃഷ്‌ണനൊപ്പം സീനീയറായിട്ടുള്ള 40 പേര്‍ കൂടി വിരമിച്ചതോടെ ജോലിയില്‍ പ്രാവീണ്യവും പരിചയ സമ്പത്തുള്ള ആളുകളുടെ കുറവ് കാരണം വീണ്ടും താൽക്കാലിക ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജീവനേക്കാളും ജീവിതത്തേക്കാളും രാജ്യസുരക്ഷയാണ് പരമ പ്രധാനമെന്ന ദൃഡനിശ്ചയം ഉള്ളതുകാരണം വീണ്ടും ജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് ടി.വി കൃഷ്‌ണന്‍. സതി.കെ.പിയാണ് ഭാര്യ. വിഷ്‌ണുപ്രിയ ടി.വി, ആര്യകൃഷ്‌ണൻ.ടി.വി എന്നിവർ മക്കളാണ്.
