
പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ ചോദ്യം ചെയ്യലില്‍ കൂസലില്ലാതെ ശ്യാംജിത്ത്. അന്വേഷണ സംഘത്തിന് മുന്നില്‍ താന്‍ ചെയ്ത ക്രൂരകൃത്യം വിവരിക്കുമ്പോഴും യാതൊരു കുറ്റബോധമില്ലാതെയാണ് ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നത്. ‘എനിക്കിപ്പോള്‍ 25 വയസേയുള്ളൂ. 14 വര്‍ഷമല്ലേ ശിക്ഷ അത് ഗൂഗിളില്‍ ഞാന്‍ കണ്ടിട്ടുണ്ട്.’ എന്ന് ശ്യാംജിത്ത് പോലീസുകാരോട് പറഞ്ഞു.
അതേസമയം, വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊലപ്പെടുത്താന്‍ പ്രതി ശ്യാംജിത്ത് പദ്ധതി തയ്യാറാക്കിയിരുന്നതായും പോലീസ് അറിയിച്ചു. ഇതിനാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ ശ്യാംജിത്ത് കഴുകി സൂക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

പൊന്നാനി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താനാണ് ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നത്. വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്ന സംശയത്തിൻ്റെ പുറത്താണ് യുവാവിനെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് തീരുമാനിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
ഇയാളുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയിരുന്നത്. ഇയാളെ കേസില്‍ സാക്ഷി ചേര്‍ക്കാനാണ് പോലീസിൻ്റെ തീരുമാനം.
