സംസ്ഥാനത്ത് ‘ടൗട്ടെ’ചുഴലിക്കാറ്റിന് സാധ്യത; കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം 14 മുതല്‍ നിര്‍ത്തിവച്ചു; വിവിധ ജില്ലകളില്‍ അലേര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ‘ടൗട്ടെ’ചുഴലിക്കാറ്റിന് സാധ്യത; കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം 14 മുതല്‍ നിര്‍ത്തിവച്ചു; വിവിധ ജില്ലകളില്‍ അലേര്‍ട്ട്

മെയ് 14 മുതല്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 14ന് രാവിലെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു. 14ന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പുലര്‍ച്ചെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കേന്ദ്ര കലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.

ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറല്‍ ദിശയിലൂടെയാണ് ന്യൂനമര്‍ദ്ദത്തിന്‍റെ സഞ്ചാരപാത. തുടര്‍ന്ന് പതിനാറാം തീയതിയോടെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായി ഇത് മാറുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ചുഴലിക്കാറ്റ് രൂപം കൊള്ളുകയാണെങ്കില്‍ മ്യാന്മാര്‍ നല്‍കിയ ‘ടൗട്ടെ ‘ Taukte (Tau tae) എന്ന പേരായിരിക്കും അറിയപ്പെടുക.

ഈ ന്യൂനമര്‍ദ്ദത്തിന്‍റെ ഭീഷണി കേരളത്തിന് ഇല്ലെങ്കിലും തീരപ്രദേശങ്ങളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സമയത്ത് തീരപ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ സാഹചര്യം മുന്നില്‍ കണ്ട് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. മോശം കാലാവസ്ഥയ്ക്കുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം 2021 മേയ് 14 മുതല്‍ നിര്‍ത്തിവച്ചു. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിര്‍ദേശം പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

നിലവില്‍ ആഴക്കടല്‍ മല്‍സ്യബന്ധനത്തില്‍ തുടരുന്നവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങണം. കാലാവസ്ഥയിലുണ്ടായ ഈ മാറ്റം ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ അധികൃതര്‍ ഉടന്‍ അറിയിക്കണം. അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപമെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

മെയ് 14ന് തിരുവനന്തപുരം കൊല്ലം ജില്ലകളിലും മെയ് 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 11ന് ഇടുക്കി മലപ്പുറം ജില്ലകളിലും മെയ് 12ന് ഇടുക്കി ജില്ലയിലും മെയ് 13ന് തിരുവനന്തപുരം ജില്ലയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലയിലും മെയ് 15ന് കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

0Shares