
ലോകത്ത് മദ്യപിക്കുന്ന ഒരേയൊരു ജീവിവർഗം മനുഷ്യരാണെന്ന് ഒരു തെറ്റിദ്ധാരണ നിലവിലുണ്ട്. അതിനു കാരണം, മദ്യം ഉണ്ടാക്കാനുള്ള വൈദഗ്ധ്യം മനുഷ്യന് മാത്രമേ ഉള്ളൂ എന്ന ചിന്തയാണ്. ജന്തുലോകത്തും ‘മദ്യപാനികൾ’ ധാരാളമുണ്ട്. ചില പക്ഷികൾ നന്നായി മദ്യം കഴിക്കും. യൂറോപ്പിലും വടക്കേ അമേരിക്കയിലുമുള്ള ബൊഹീമിയൻ വാക്സ്‌വിങ് എന്ന പക്ഷി റൊവാൻ എന്നു പേരുള്ള ഒരു മരത്തിലെ പഴങ്ങൾ തിന്നാൻ വളരെ ഇഷ്ടപ്പെടുന്നവയാണ്.
തണുപ്പുകാലത്താണ് ഈ പക്ഷികൾ പഴം തേടിയെത്തുക. അപ്പോഴേക്കും മരത്തിലെ പഴങ്ങളെല്ലാം മൂത്തു പഴുത്ത് അവയിൽ നുരപ്പിക്കൽ നടന്നിട്ടുണ്ടാകും. ഈ പഴങ്ങൾ പക്ഷികൾ കൂട്ടമായി വന്ന് കഴിക്കും. മിക്ക പക്ഷികളും പഴം കുറച്ച് കഴിച്ച ശേഷം മത്തുപിടിച്ചിട്ട് പറന്നു പോകും. എന്നാൽ ഇക്കൂട്ടത്തിൽ ചിലർ പഴം കഴിച്ച് ഫിറ്റായി ലക്കുകെട്ടാണു തിരികെ പറക്കുക. വഴിയിൽ ബോധമില്ലാതെ വീടുകളുടെയും കെട്ടിടങ്ങളുടെയുമൊക്കെ ജനാലയിൽ വന്നിടിക്കുന്നതും ഒരു സ്ഥിരം സംഭവമാണ്.

ഓസ്ട്രേലിയയിൽ സാധാരണയായി കണ്ടുവരുന്ന ലോറിക്കീറ്റ് എന്ന ഇനത്തിൽ പെടുന്ന തത്തകളും ഒരു പ്രത്യേക സീസണിൽ ഇങ്ങനെ പഴം കഴിച്ച് ഫിറ്റാകാറുണ്ട്. ഇങ്ങനെ പോകുന്ന പോക്കിൽ താഴെ വീഴുന്ന തത്തകളുടെ ഒരു സീസൺ പോലുമുണ്ട് എന്നതാണ് ആശ്ചര്യകരമായ കാര്യം. ഇത്തരത്തിൽ നുരപ്പിക്കൽ നടന്ന പഴങ്ങൾ കഴിക്കാറുള്ള മറ്റൊരു കൂട്ടമാണ് വവ്വാലുകൾ. ഇവയുടെ ‘കപ്പാസിറ്റി’ കുറച്ചു കൂടുതലാണെന്ന് മാത്രം. പഴങ്ങൾ ധാരാളം തിന്നാലും വവ്വാലുകൾ ബൊഹീമിയൻ വാക്സ്‌വിങിനെപ്പോലെ പെട്ടെന്ന് ഓഫായി പോകാറില്ല.
എന്നാൽ ഇക്കാര്യത്തിൽ വവ്വാലുകളെ പോലും കവച്ചുവയ്ക്കുന്നത് മലേഷ്യയിലെ ട്രീഷ്രൂ എന്ന ജീവിയാണ്. കാണാൻ എലിയെപ്പോലിരിക്കുന്ന ഈ സസ്തനി രാത്രിയായാൽ മലേഷ്യയിലെ ചില പ്രത്യേക പനകൾ ലക്ഷ്യമാക്കി നിങ്ങും, അവയിൽ നിന്ന് കള്ള് കുടിക്കും. ഒറ്റയിരിപ്പിന് രണ്ട് മണിക്കൂർ വരെ കള്ളു കുടിക്കുന്ന ഇവയ്ക്ക് ഒട്ടും മത്തു പിടിക്കാറില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
കുരങ്ങുകളുടെ കൂട്ടത്തിലുമുണ്ട് മദ്യപന്മാർ, കരീബിയൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ‘വെൽവറ്റ്’ എന്നയിനം കുരങ്ങൻമാർ മദ്യം ഇഷ്ടപ്പെടുന്നവരാണ്. ഇവിടുത്തെ ബീച്ചിലും മറ്റുമുള്ള ബാറുകളിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിക്കാൻ പോലും റെഡിയാണ്. ചിലപ്പോഴൊക്കെ തേനീച്ചകളും ചില ലഹരിയുള്ള പൂന്തേൻ കുടിച്ച് ലക്കു കെടാറുണ്ട്.
ലഹരിമൂത്ത്, കൂട്ടിലേക്കുള്ള വഴിയൊക്കെ ചില ഈച്ചകൾ മറന്നു പോകാറുമുണ്ട്. കൂട്ടിലെത്തിയാൽ കള്ളു കുടിച്ചെത്തുന്ന തേനീച്ചകളെ തിരിച്ചറിയാൻ ചില കാവൽക്കാരും തേനീച്ചക്കൂട്ടിലുണ്ട്. ഇവരുടെ കൈയിൽ പെട്ടാൽ കള്ളുകുടിച്ചെത്തിയ തേനീച്ചയ്ക്ക് പിന്നെ കഷ്ടകാലമാണ്. ആൺ ഈച്ചകളിലും മദ്യം ഇഷ്ടപ്പെടുന്നവരുണ്ട്. കൗതുകകരമമായ ഒരു കാര്യം ഇണ കൂടെയുള്ള ആണീച്ചകൾ പൊതുവേ മദ്യപിക്കാറില്ല എന്നതാണത്രേ, ഒറ്റയ്ക്ക് പറന്നു നടക്കുന്ന ഈച്ചകൾക്കാണ് പൊതുവെ മദ്യത്തോട് പ്രിയമുള്ളതെന്നാണ് നിരീക്ഷകർ പറയുന്നത്.
