
ഉദുമ/കാസർകോട്: സിനിമ-നാടക പ്രവര്‍ത്തകന്‍ വേണു മാങ്ങാട് (48) അന്തരിച്ചു. സിനിമയിലും നിരവധി അമേച്വര്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലം കാസർകോട്ടെ വിവിധ പത്ര സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ജില്ലയിലെ അറിയപ്പെടുന്ന അനൗൺസറുമായിരുന്നു. പാർട്ടി പ്രകടനങ്ങളുടെ മുന്നിൽ വേണുവിന്‍റെ തന്മയത്വമുള്ള ഘനഗംഭീര ശബ്ദത്തിലുള്ള അനൗൺസ്മെന്റ് കേട്ടുനിന്നവരെ ആവേശത്തിലാക്കിയിരുന്നു.

നിരവധി പൊതുയോഗങ്ങൾക്കും സ്റ്റേജ് പരിപാടികൾക്കും ശബ്ദം നൽകി. കുറ്റിക്കോൽ സൺഡേ തിയറ്ററിന്‍റെ പ്രവർത്തകനായിരുന്നു. ജില്ലയിലെ കലാ-സാംസ്കാരിക പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു. മനുഷ്യ സ്നേഹിയും ഒരുപാട് സുഹൃദ് ബന്ധങ്ങൾ ഉള്ളതുമായിരുന്നു വേണുവിന്‍റെ ജീവിതം.
“ആർക്കെങ്കിലും വിശന്നാൽ
വേണുവിനു വിശന്നു.
അപരന് അസുഖം വന്നാൽ
അവൻ ആശുപത്രിയിലേക്കു പാഞ്ഞു.
മറ്റുള്ളവർക്കുവേണ്ടി ഉറങ്ങാതിരുന്നു.
സഖാവെന്നത് ഒരോമനപ്പേരല്ലെന്ന്
പ്രസ്ഥാനത്തെ സദാ ഓർമ്മിപ്പിച്ചു.
മറ്റാരുടെയോ മരണത്തെ
റദ്ദു ചെയ്യാനാകണം,
അവനിത്ര നേരത്തേ ഇറങ്ങിപ്പോയത്.” എഴുത്തുകാരൻ ബക്കർ അബ്ദുള്ള ഫേസ്ബുക്കിൽ വേണു മാങ്ങാടിന്‍റെ അക്കാല വിയോഗത്തെ കുറിച്ച് ഇങ്ങനെ കുറിച്ചു.

“ജീവകാരുണ്യ പ്രവർത്തനത്തിന് മുൻപന്തിയിലായിരുന്ന വേണു മാങ്ങാടിന്‍റെ വിയോഗം ഞെട്ടെലോടെയാണ് ശ്രവിച്ചത്.” സിനിമാ-നാടക സംവിധായകൻ ഗോപി കുറ്റിക്കോൽ ചാനൽ ആർ.ബിയോട് പറഞ്ഞു.

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മരണ വിവരമറിഞ്ഞ് ജനപ്രതിനിധികളും നേതാക്കളും നിരവധി കലാ-സാംസ്കാരിക പ്രവർത്തരും മാങ്ങാട്ടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന പി.സുകുമാരി (വനിത സംരക്ഷണ ഓഫീസ്, കാസര്‍കോട്)യാണ് ഭാര്യ.
ചെറിയ മാങ്ങാട്ടെ പരേതനായ ചേവരി കുമാരന്‍ നായരുടെയും മേലത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്.
സി.പി.എം മാങ്ങാട് (ഒന്ന്) ബ്രാഞ്ച് അംഗമാണ്. സഹോദരങ്ങള്‍: ഗീതകുട്ടി (കൊട്ടോടി), ശശികുമാര്‍ (മാങ്ങാട്), സുമകുട്ടി (പെരുമ്പള).
