
ലോക്ക്ഡൗണ്‍ മുതലെടുത്ത് സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. ഇന്ധനവില കൂടാതെ നിര്‍മ്മാണ മേഖലകളിലെ വസ്തുക്കള്‍, പഴം – പച്ചക്കറി എന്നിവയ്ക്ക് ദിനംപ്രതി വില ഉയരുകയാണ്. വില നിയന്ത്രണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. ലോക്ക് ഡൗണ്‍ മറവിലാണ് സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമാകുന്നതെന്നാണ് ആക്ഷേപം.
പച്ചക്കറികള്‍ മിക്കവയ്ക്കും ഇരുപത് രൂപ മുതല്‍ അറുപത് രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. കമ്പോളങ്ങളില്‍ ആവശ്യത്തിന് പച്ചക്കറികള്‍ എത്താത്തതാണ് വിലക്കയറ്റം ഉണ്ടാക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഉയര്‍ന്ന വില നല്‍കി വാങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് സാധനം വാങ്ങാന്‍ എത്തുന്നവരും പറയുന്നു. വെണ്ടയ്ക്കയുടെ വില 30 ല്‍ നിന്നും 80 രൂപയിലെത്തി. 40 രൂപയ്ക്ക് ലഭിച്ചിരുന്ന നാരങ്ങയ്ക്ക് 80-100 രൂപ വരെയാണ് നിലവിലെ വിപണി വില. 60 രൂപയ്ക്ക് വിറ്റിരുന്ന പയര്‍ 100 രൂപയായി. തക്കാളി വില 20 രൂപയില്‍ നിന്നും 30 രൂപയായി ഉയര്‍ന്നു. കത്തിരിക്കയുടെ വില 30 കടന്ന് 40 രൂപയിലേക്കെത്തി. കാരറ്റിനും വിലകൂടി 80 രൂപയോളമെത്തി.

സംസ്ഥാനത്ത് ഇന്ധന വില ദിനംപ്രതി വര്‍ദ്ധിക്കുന്നത് കുടുംബ ബഡ്ജറ്റുകളെ താളം തെറ്റിച്ചിരിക്കെയാണ്, ഇതിനു പുറമേയാണ് നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുയടേയും വിലക്കയറ്റം. വരും ദിവസങ്ങളിലും സാധനങ്ങളുടെ വില ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് സിമന്റ് വിലയും ഉയരുകയാണ്. ചരിത്രത്തിലാദ്യമായി സിമന്റ് വില 500 കടന്നു.
ലോക്ഡൗണിനു മുമ്പ് 50 കിലോഗ്രാമിന്‍റെ ഒരു ചാക്കിന് 420 രൂപയായിരുന്നു വിലയെങ്കില്‍, ഇന്നിത് 510 രൂപയായി ഉയര്‍ന്നിരിക്കുന്നു. സ്റ്റീല്‍, ക്രഷര്‍ മുതലായ ഉല്പന്നങ്ങളുടെ വിലയും കൂടിയിട്ടുണ്ട്. വിലക്കയറ്റത്തെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നിലച്ച മട്ടാണ്. വരും ദിവസങ്ങളില്‍ അവശ്യ- നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിനംപ്രതി വില ഉയരുമ്പോഴും വിലക്കയറ്റം തടയാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. നിയമസഭ സമ്മേളനങ്ങളിലും ഭരണ നിര്‍വ്വഹണ പ്രക്രിയകളിലും രാഷ്ട്രീയ ചേരിപ്പോരുകള്‍ സൃഷ്ടിക്കുന്നതിലാണ് ഭരണ-പ്രതിപക്ഷങ്ങളുടെ ശ്രദ്ധ. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍ കൈക്കൊള്ളണമെന്നാണ് ഉയരുന്ന ആവശ്യം.
