
നദിയ മൊയ്തു ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ്. ഇതിനിടെ താരം നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ ചർച്ചയാവുന്നത്. പെണ്ണുങ്ങൾ എത്ര നന്നായി അവരുടെ സൗന്ദര്യം കാത്തുസൂക്ഷിച്ചാലും സിനിമയിൽ മമ്മൂട്ടിക്ക് ഒക്കെ ലഭിക്കുന്നത് പോലെയുള്ള കഥാപാത്രങ്ങളും അവസരവും ലഭിക്കില്ലെന്നാണ് നദിയ മൊയ്തു അഭിപ്രായപ്പെട്ടത്.

കൊച്ചിയിൽ ഭീഷ്മ പർവത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലായിരുന്നു നദിയയുടെ പ്രതികരണം. മമ്മൂട്ടി ഉൾപ്പെടെയുള്ള ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ കൂടെയിരുന്നായിരുന്നു താരത്തിൻ്റെ പ്രതികരണം. മമ്മൂട്ടിയോടൊപ്പം വീണ്ടും നായികയാവുകയാണല്ലോ, അന്നത്തെ സൗന്ദര്യം മമ്മൂട്ടി ഇന്നും നിലനിർത്തുന്നുണ്ട്, അതിൽ അസൂയ ഉണ്ടോ എന്നായിരുന്നു മാധ്യമപ്രവർത്തകൻ്റെ ചോദ്യം.
എന്നാൽ, ‘അസൂയ എന്തിന്? സന്തോഷമാണ്. ഇത്രയും നാള് കാഴിഞ്ഞാലും സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ സാധിക്കുന്നത് സന്തോഷമാണ്. അതൊരു ഗിഫ്റ്റാണ്, അനുഗ്രഹമാണ്. കുശുമ്പ് എന്തിനാണ് എന്ന് ചോദിച്ചാൽ ഇപ്പോഴും അദ്ദേഹത്തിന് അതുപോലെയുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ട്. നമ്മൾ പെണ്ണുങ്ങൾ എത്ര സൗന്ദര്യം കാത്തുസൂക്ഷിച്ചാലും അതുപോലെയുള്ള റോളുകൾ കിട്ടുന്നില്ല. അതിൽ കുശുമ്പുണ്ട്,’- എന്നായിരുന്നു നദിയയുടെ മറുപടി.
