
ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ വത്സമ്മയെ (അനുമോൾ-27) കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവ് ബിജേഷിനെ പോലീസ് പിടികൂടിയത് തമിഴ്നാട് വനമേഖലയിൽ നിന്ന്. അനുമോളുടെ ഫോൺ ബിജേഷ് 5000 രൂപക്ക് വിറ്റതാണ് കേസിലെ വഴിത്തിരിവായത്. അനുമോളുടെ മൊബൈൽ ഫോൺ സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തി.
അനുമോളുടെ ഫോൺ വിറ്റ പണമാണ് ഒളിവില്‍ കഴിയാന്‍ ബിജേഷ് ഉപയോഗിച്ചത്. ബിജേഷ് ഫോൺ ഉപേക്ഷിച്ചത് വനമേഖലക്ക് സമീപമായതിനാൽ ബിജേഷ് പരിസരത്തുണ്ടാകുമെന്ന പൊലീസിൻ്റെ നിഗമനം ശരിയായി. ബിജേഷിനെ പിടികൂടാൻ കേരളത്തിലും തമിഴ്നാട്ടിലും പൊലീസ് വലവിരിച്ചു. തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന കണക്കൂകൂട്ടലിൽ തമിഴ്നാട് പൊലീസിന്റെ സഹായവും കേരള പൊലീസ് തേടിയിരുന്നു.

ബിജേഷിൻ്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും കണ്ടെത്തിയിരുന്നു. ബിജേഷ് ഫോൺ ഉപേക്ഷിച്ചത് പൊലീസിന് തലവേദനയായി. ടവർ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ ബിജേഷ് ഫോൺ ഉപയോഗിക്കാത്തത് വിലങ്ങുതടിയായി. കഴിഞ്ഞ 21ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയും പ്രീപ്രൈമറി അധ്യാപികയുമായ അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു. അനുമോള്‍ ഭര്‍ത്താവില്‍ നിന്ന് നിരന്തരം ഗാര്‍ഹിക പീഡനം നേരിട്ടെന്നാണ് വിവരം. തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് മസ്‌കറ്റിലെ പിതൃസഹോദരിക്ക് സന്ദേശം അയച്ചിരുന്നു.
