
കണ്ണൂര്‍: ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ദമ്പതികള്‍ ലക്ഷങ്ങള്‍ മുടക്കി പല ആധുനിക ചികിത്സകളും നടത്തുമ്പോള്‍, 50 രൂപ രജിസ്ട്രേഷന്‍ ഫീസായി മാത്രം നല്‍കി ഗവ. ഹോമിയോ ആശുപത്രികളില്‍ നടത്തിയ ചികിത്സയിലൂടെ ഇതുവരെ പിറന്നത് 2180 കണ്‍മണികള്‍. 2012ല്‍ പരീക്ഷണമെന്ന നിലയ്ക്ക് കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ തുടങ്ങിയ ചികിത്സാ പദ്ധതിയാണ് പിന്നീട് കേരളത്തിലെ ഹോമിയോ ആശുപത്രികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. കുറഞ്ഞത് രണ്ടുവര്‍ഷം ചികിത്സ ആവശ്യമായിരുന്നു. അത് പത്തുവര്‍ഷം വരെ നീണ്ടുപോകാനും സാദ്ധ്യതയുണ്ട്. മറ്റു ചികിത്സാരീതികള്‍ സ്വീകരിച്ചിട്ടും ഫലിക്കാതായ ദമ്പതികളാണ് ഹോമിയോയെ ആശ്രയിച്ചത്.

“അലോപ്പതിയും ആയുര്‍വേദവും പരീക്ഷിച്ച ശേഷമാണ് മിക്ക ദമ്പതികളും ഹോമിയോ ആശുപത്രിയിലെത്തുന്നത്. അവര്‍ക്ക് പ്രതീക്ഷയും പുതിയ ജീവിതവും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.” ജനനി, സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ ഡോ.എസ്. ശ്രീദേവി പറഞ്ഞു.
സംസ്ഥാന വ്യാപകമായി `ജനനി’ എന്ന പേരില്‍ ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് 2019ലാണ്. അതിനു മുമ്പുതന്നെ, കണ്ണൂരില്‍ മാത്രം 420 കുഞ്ഞുങ്ങള്‍ പിറന്നു കഴിഞ്ഞിരുന്നു. കേന്ദ്ര ധനകാര്യമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2018-19ലെ സാമ്പത്തിക സര്‍വേയില്‍ കണ്ണൂര്‍ ഹോമിയോ ആശുപത്രിയുടെ വിജയം പരാമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. 55 വയസ് കഴിഞ്ഞവര്‍ക്കുവരെ ഈ ചികിത്സയിലൂടെ കുഞ്ഞ് പിറന്നു. ഇതുവരെ ജനിച്ച കുഞ്ഞുങ്ങള്‍- 2180,
കണ്ണൂരിലെ ചികിത്സയില്‍ ജനിച്ചത് – 612 കുട്ടികളാണ്.

“ലക്ഷങ്ങളാണ് ചികിത്സക്കായി ചെലവായത്. ഒടുവില്‍ കണ്ണൂരിലെ ഹോമിയോ ചികിത്സയിലാണ് ഫലം കണ്ടത്.” പ്രകാശന്‍- രമണി ദമ്പതികള്‍ പറഞ്ഞു.
നൂറിലേറെ കുട്ടികളുടെ പിറവിക്ക് നിമിത്തമായതിൻ്റെ സന്തോഷത്തിലാണ് സംസ്ഥാനത്തെ ഏഴു ജില്ലാ ആശുപത്രികളിലെ ഹോമിയോ ഡോക്ടര്‍മാര്‍. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ആശുപത്രികള്‍ക്കാണ് ഈ നേട്ടം.
“സംസ്ഥാനത്ത് ആദ്യമായി വന്ധ്യതയ്ക്ക് മാത്രമായി കണ്ണൂരില്‍ ഹോമിയോ ആശുപത്രി തുടങ്ങാന്‍ പദ്ധതിയുണ്ട്. സ്ഥലവും മറ്റും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.” ജനനി കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ ഡോ.എ.പി സുധീര പറഞ്ഞു.
