മാറ്റി നിർത്തപ്പെടുന്നുണ്ടെങ്കിൽ അതൊരു തെറ്റായ പ്രവണതയാണ്; സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഹോമിന് ഒരു വിഭാഗത്തിലും പരാമർശമില്ല; വിനയായത് വിജയ് ബാബുവിന് എതിരായ കേസോ?

  • Post category:entertainment / news
  • Reading time:1 min read
You are currently viewing മാറ്റി നിർത്തപ്പെടുന്നുണ്ടെങ്കിൽ അതൊരു തെറ്റായ പ്രവണതയാണ്; സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഹോമിന് ഒരു വിഭാഗത്തിലും പരാമർശമില്ല; വിനയായത് വിജയ് ബാബുവിന് എതിരായ കേസോ?

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങളിൽ ഒന്നാണ് റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’. ചിത്രത്തിൽ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് എന്ന നടൻ്റെ അഭിനയപാടവം നിരവധി കയ്യടികൾ നേടിയിരുന്നു. ഇന്ദ്രൻസിൻ്റെ പ്രകടനത്തിന് ചലച്ചിത്ര പുരസ്‌കാരം ലഭിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു.

എന്നാൽ 52ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിൽ ഹോമിനെ ഒരു വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടില്ല. ഇതിന് കാരണം ചിത്രത്തിൻ്റെ നിർമാതാവായ വിജയ് ബാബുവാണെന്ന് പരക്കെ അഭിപ്രായം ഉയരുകയാണ്. യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനാണ് നടനും നിർമാതാവുമായ വിജയ് ബാബു.

കേസുമായി ബന്ധപ്പെട്ട ജാമ്യഹർജി നിലനിർത്തിയാൽ തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്താമെന്ന് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. സിനിമയ്ക്ക് അർഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും മികച്ച നടനുൾപ്പെടെയുള്ള പുരസ്‌കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും സംവിധായകൻ റോജിൻ തോമസ് പറഞ്ഞു. ജനങ്ങളിൽ ലഭിച്ച പ്രതികരണം വച്ച് നോക്കുമ്പോൾ ഹോം പുരസ്‌കാരങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് തോന്നിയിരുന്നെന്നും റോജിൻ കൂട്ടിച്ചേർത്തു.

”ജൂറിയുടെ തീരുമാനമാണല്ലോ പുരസ്‌കാരനിർണയം. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അർഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ട്. മികച്ച നടനുൾപ്പെടെയുള്ള പുരസ്‌കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നു. പുരസ്‌കാരം കിട്ടിയ സിനിമകളെ മോശമാക്കി പറയുന്നത് അല്ല. ജനങ്ങളിൽ ലഭിച്ച പ്രതികരണം വച്ച് നോക്കുമ്പോൾ ഹോം പുരസ്‌കാരങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് തോന്നിയിരുന്നു. ഇത് ചിലപ്പോൾ സംവിധായകൻ്റെ തോന്നൽ മാത്രമായിരിക്കാം.

മാറ്റി നിർത്തപ്പെടുന്നുണ്ടെങ്കിൽ അതൊരു തെറ്റായ പ്രവണതയാണ്. എൻ്റെ സിനിമയെന്നത് മാത്രമല്ല. എല്ലാ സിനിമകളും കുറെ പേരുടെ അധ്വാനമാണ്. മാറ്റി നിർത്തപ്പെട്ടതാണെന്നും ഞാൻ പറയുന്നില്ല. ജനങ്ങളിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ഏറെ നേടിയ സിനിമയായിരുന്നു ഹോം. പുരസ്‌കാരനിർണയത്തിൽ ജനപ്രിയ സിനിമ എന്ന കാറ്റഗറി പുനർആലോചിക്കേണ്ടതാണ്. ഇത്തവണ പുരസ്‌കാരം നേടിയ ഹൃദയത്തെ കുറ്റപ്പെടുത്തിയത് അല്ല.”- റോജിൻ പറഞ്ഞു.

0Shares