ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം ജനങ്ങളെ ഒറ്റപ്പെടുത്തുക എന്നതല്ല ദേശീയപാത വികസനം; നായന്മാർമൂലയിൽ ഒരു ഫ്ലൈ ഓവറിൻ്റെ അനിവാര്യത ചൂണ്ടിക്കാട്ടി ഇ.എ നെല്ലിക്കുന്ന് എം.എൽ.എ

  • Post category:local news
  • Reading time:1 min read
You are currently viewing ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം ജനങ്ങളെ ഒറ്റപ്പെടുത്തുക എന്നതല്ല ദേശീയപാത വികസനം; നായന്മാർമൂലയിൽ ഒരു ഫ്ലൈ ഓവറിൻ്റെ അനിവാര്യത ചൂണ്ടിക്കാട്ടി ഇ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: ദേശീയ പാത 66 – ആറ് വരിയായി വികസിച്ചു കാണാൻ കൊതിക്കാത്തവരാരുമില്ലെന്നും സുഗമമായ പാതയും തടസ്സങ്ങളില്ലാത്ത റോഡും നാടിൻ്റെ വികസനം ത്വരിതപ്പെടുത്തുമെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ.

ജനജീവിതം ദുസ്സഹമാകുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു പ്രദേശത്തെ രണ്ടായി പിളർത്തുക, ഒരിക്കലും അടുക്കാൻ കഴിയാത്ത വിധം ജനങ്ങളെ ഒറ്റപ്പെടുത്തുക എന്നതല്ല ദേശീയപാത വികസനം കൊണ്ടു നാം ആഗ്രഹിച്ചത്. പക്ഷെ അതാണിവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. മതിലുകൾ കെട്ടി നാടിനെ രണ്ടായി പിളർത്തിയിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പറ്റുന്നില്ല. രോഗികൾക്ക് ആശുപത്രിയിലെത്താൻ സാധിക്കുന്നില്ല. ആരാധനാലയങ്ങളിലേക്കു അടുക്കാൻ കഴിയുന്നില്ല. കുടുംബങ്ങൾ തമ്മിൽ ബന്ധപ്പെടാനാവുന്നില്ല. മൃതദേഹങ്ങൾ ഖബർസ്ഥാനിലേക്കും ശ്മശാനത്തിലേക്കും എത്തിക്കാൻ കഴിയുന്നില്ല. വികസനത്തിൻ്റെ പേരിലുള്ള ഈ ദുരിതത്തെയാണ് ജനങ്ങൾ വെറുക്കുന്നതെന്നും അദ്ദേഹം പറയുന്നു.

അശാസ്ത്രീയമായ നിർമ്മാണമാണ് നടന്നു വരുന്നത്. ഫ്ലൈ ഓവർ അനിവാര്യമായും വേണ്ടിടത്ത് അതില്ല. ചിലയിടങ്ങളിൽ അടിപ്പാത അത്യന്താപേക്ഷിതമാണ്. പക്ഷെ അവിടങ്ങളിൽ അടിപ്പാതകളില്ല. എവിടെയെങ്കിലും അനുവദിച്ചിട്ടുണ്ടെങ്കിൽ തന്നെ ഒരു പശുവിന് പോലും കടന്നു പോകാൻ പറ്റാത്ത വീതിയിൽ. കാസർകോട് മണ്ഡലത്തിൽ ചെങ്കള പഞ്ചായത്തിലെ നായന്മാർമൂലയിൽ ഒരു ഫ്ലൈ ഓവറിൻ്റെ അനിവാര്യത ആർക്കും ബോധ്യമാകുന്നതാണ്. പക്ഷെ നാഷണൽ ഹൈവേ അതോറിറ്റി കണ്ണു തുറക്കുന്നില്ല.

ഇപ്പോൾ നായന്മാർമൂല നിവാസികൾ ഒന്നടങ്കം സമര മുഖത്താണ്. അനിശ്ചിത കാല ധർണ ഒരു മാസം പിന്നീടാൻ പോകുന്നു. സമരപ്പന്തലിലേക്ക് കാസർകോടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ കൂലംകുത്തിയൊഴുകുന്നു. വിവിധ സംഘടനാ നേതാക്കൾ ഐക്യദാർഢ്യവുമായി വരുന്നു. ജനവികാരം കണക്കിലെടുത്ത് നായന്മാർമൂലയിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഉന്നതർക്ക് രണ്ട് വർഷങ്ങളായി കത്തുകൾ അയച്ചു കൊണ്ടേയിരിക്കുനതായും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയടക്കമുള്ളവർക്ക് വീണ്ടും കത്തുകളയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0Shares