
കണ്ണൂര്‍: ഗൂഗിൽ മാപ്പ് നോക്കി ആഡംബര വീടുകളുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മോഷണം നടത്തുന്ന അന്തര്‍ സംസ്ഥാന സംഘം അറസ്റ്റില്‍. ന്യൂഡല്‍ഹി ഗുരുനാനാക്ക് മാര്‍ക്കറ്റിലെ മഹേന്ദ്ര (50), ഉത്തര്‍പ്രദേശ് സ്വദേശികളായ അക്ബര്‍പൂര്‍ രവീന്ദ്രപാല്‍ ഗൗതം (28), സംബാല്‍ ജന്നത്ത് ഇൻ്റെര്‍ കോളജിന് സമീപം റംബറോസ് (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പയ്യാമ്പലത്തെ അശോകൻ്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് അറസ്റ്റ്. മോഷണം നടന്ന് 24 മണിക്കൂറിനുള്ളില്‍ കണ്ണൂര്‍ ടൗണ്‍ എസ്.ഐ നസീബിൻ്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടി. മോഷണ സ്ഥലത്തുനിന്ന് കിട്ടിയ ഷൂ വാങ്ങിയ ബില്ലാണ് പൊലീസിന് തുമ്പായത്. കടയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്‌ജിൽ താമസിക്കുന്നവർ ആണെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേരളത്തിലെത്തി ഗൂഗിൽ മാപ്പ് ഉപയോഗിച്ച് കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങള്‍ ശേഖരിച്ച് മോഷണം നടത്തി മടങ്ങുകയാണ് ഇവരുടെ പതിവ്. വലിയ സ്ഥാപനങ്ങളും ആഡംബര വീടുകളും സ്ഥിതിചെയ്യുന്ന സ്ഥലങ്ങളെക്കുറിച്ച് മനസ്സിലാക്കിയാണ് മോഷണം. രക്ഷപ്പെടാനുള്ള വഴികളും റോഡും മാപ്പില്‍ കണ്ടെത്തി ആസൂത്രണം ചെയ്യും. യു.പി, ഡല്‍ഹി എന്നിവിടങ്ങളില്‍ അഞ്ച് മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ് പ്രതികള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ തളിപ്പറമ്പ്, വളപട്ടണം അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന മോഷണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണ്. എ.എസ്.ഐ അജയന്‍, ഷൈജു, നാസര്‍, രാജേഷ്, നവീന്‍, ജിഷ്ണു, ബാബുമണി എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
