
കൊച്ചി: കിഫ്ബി ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക് ചോദ്യം ചെയ്യലിനായി മുൻ ധനമന്ത്രി തോമസ് ഐസക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ബുധനാഴ്‌ചവരെ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി ഇ.ഡിയ്ക്ക് നിർദേശം നൽകി.
പ്രാഥമിക ഘട്ടത്തിൽ ഇത്രയേറെ വ്യക്തിപരമായ വിവരങ്ങള്‍ ഹാജരാക്കാൻ നിര്‍ദേശിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ജസ്റ്റിസ് വി.ജി അരുണ്‍ ഇ.ഡിയ്ക്ക് നിർദേശം നല്‍കി. രണ്ടാമത്തെ സമൻസിൽ തൻ്റെയും കുടുംബത്തിൻ്റെയും സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാൻ നിർദേശിച്ചിരുന്നതായി തോമസ് ഐസക് ഹര്‍ജിയിൽ പറഞ്ഞു.

അതേസമയം അന്വേഷണത്തിൻ്റെ ഭാഗമായി സമൻസ് അയക്കുന്നതിനോട് എതിരല്ലെന്നും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്താൽ ഒരാൾ പ്രതിയാകണമെന്നില്ലല്ലോ എന്നും തോമസ് ഐസക്കിനോട് കോടതി ചോദിച്ചു. മുൻ മന്ത്രിയെ പ്രതിയായല്ല ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്ന് ഇ.ഡി വിശദീകരിച്ചു. വിവരങ്ങൾ തേടുകയാണ് ഉദേശ്യമെന്നും ഇ.ഡി വ്യക്തമാക്കി.
രണ്ടുതവണ ഇ.ഡി തോമസ് ഐസക്കിന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ജൂലൈ 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇ.എം.എസ് പഠനകേന്ദ്രത്തിൽ ക്ലാസേടുക്കാനുണ്ടെന്ന ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായില്ല.
കിഫ്ബിയെ തകര്‍ക്കാനുള്ള ഇ.ഡിയുടെ ശ്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് അഞ്ച് എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന പരാമര്‍ശവുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യത്തില്‍ വാക്കാല്‍ പരാമര്‍ശം നടത്തിയത്. പൊതുതാത്‌പര്യ ഹര്‍ജി നിലനില്‍ക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചു.

കിഫ്ബിയെ തകര്‍ക്കാനുള്ള ഇ.ഡിയുടെ ശ്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാരായ കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം.മുകേഷ്, ഇ.ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വ്യാഴാഴ്‌ചയാണ് ഹൈക്കോടതിയെ സമീപിച്ചത്. 73,000കോടി രൂപയുടെ പദ്ധതിയായ കിഫ്ബിയെ തകര്‍ക്കാന്‍ മസാലബോണ്ടിൻ്റെ പേരിലാണ് ഇ.ഡി ശ്രമിക്കുന്നത്.
റിസര്‍വ് ബാങ്കിൻ്റെ അനുമതിയോടെയുള്ള മസാലബോണ്ടുകള്‍ നിയമാനുസൃതമാണ്. ബൃഹത് പദ്ധതികളെ നിസാര കാര്യങ്ങളുടെ പേരില്‍ തകര്‍ക്കരുതെന്ന് അടുത്തകാലത്ത് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി താക്കീത് നല്‍കിയതാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഭരണഘടന പ്രത്യേക സംവിധാനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇ.ഡിയുടെ നീക്കങ്ങള്‍ നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
