ഹീറോസ് ഇവർ മൂന്ന് പേരാണ്; കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് തെളിയിക്കുന്നതിൽ നിർണായകം ആയത് ഇവർ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ഹീറോസ് ഇവർ മൂന്ന് പേരാണ്; കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് തെളിയിക്കുന്നതിൽ നിർണായകം ആയത് ഇവർ

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ് തെളിയിക്കുന്നതിൽ നിർണായകമായത് മൂന്ന് പേരുടെ സഹായമെന്ന് കേരള പൊലീസ്. തട്ടിക്കൊണ്ടുപോയ കുട്ടിയുടെ സഹോദരൻ ജോനാഥനാണ് ഒന്നാമത്തെ ഹീറോ. രണ്ടാമത്തെ ഹീറോ അബിഗേലാണ്. രേഖാചിത്രം വരച്ചവരാണ് മൂന്നാമത്തെ ഹീറോയെന്നും എ.ഡി.ജി.പി എം.ആർ അജിത് കുമാർ പറഞ്ഞു. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ എല്ലാ പ്രതികളും പിടിയിലായെന്നും അദ്ദേഹം പറഞ്ഞു.

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരാൾ കേസിൽ അറസ്റ്റിലായത്. സാമ്പത്തിക ബാധ്യതയാണ് തട്ടിക്കൊണ്ടു പോയതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. മൂന്ന് പേരെയും അടൂർ കെ.എ.പി ക്യാമ്പിൽ പത്ത് മണിക്കൂർ ചോദ്യം ചെയ്‌തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്.

അഞ്ചു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് പത്മകുമാർ പറയുന്നത്. കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധിയുണ്ടായി. പലരോടും പണം ചോദിച്ചെങ്കിലും ലഭിക്കാതിരുന്നതോടെ ആണ് തട്ടിക്കൊണ്ടു പോകൽ ആസുത്രണം ചെയ്‌തത്. ഇയാളുടെ ഭാര്യ അനിതാ കുമാരിയുടെതാണ് തട്ടികൊണ്ടു പോകൽ ബുദ്ധിയെന്നും എ.ഡി.ജി.പി പറഞ്ഞു.

നവംബർ 27ന് വൈകിട്ടാണ് വെള്ള കാറിലെത്തിയ സംഘം ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സഹോദരൻ ജോനാഥനൊപ്പം ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയേയായിരുന്നു സംഭവം. അനുജത്തിയെ തട്ടിക്കൊണ്ടു പോയ കാർ കഴിഞ്ഞ ദിവസങ്ങളിലും ഇതേ പ്രദേശത്ത് കണ്ടിരുന്നതായി ജോനാഥൻ വീട്ടുകാരോടും പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു.

നവംബർ 28ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വെള്ള കാർ പത്മകുമാറിൻ്റെ ചാത്തന്നൂരിലെ വീട്ടിൽ കണ്ടെത്തി. കൊല്ലം പൊലീസ് സ്പെഷൽ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.

0Shares