
കാസർകോട്: ജനങ്ങൾ ഏറെ പ്രതീക്ഷയർപ്പിച്ച ‘തളങ്കര പൈതൃക ടൂറിസം പാർക്ക് പദ്ധതി’ നടപ്പിലാക്കുന്നതിന് തുറമുഖ വകുപ്പ് മന്ത്രിയുടെ ശ്രദ്ധക്ഷണിച്ച് കാസർകോട് നഗരസഭ ചെയർമാൻ മന്ത്രിക്ക് കത്ത് നൽകി. ഏറെ നാളത്തെ നിരന്തര ആവശ്യത്തെ തുടർന്ന് 2021 ജൂലൈ മാസത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലാണ് തളങ്കര പൈതൃക ടൂറിസം പാർക്ക് പദ്ധതി കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ടൂറിസം മേഖലകളെ കുറിച്ച് നടന്ന യോഗത്തിൽ പ്രഖ്യാപിച്ചത്.
ജില്ലാ വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ 10.74 കോടി രൂപയുടെ പദ്ധതി തളങ്കര ചന്ദ്രഗിരിപ്പുഴയോരത്ത് തുറമുഖ വകുപ്പിൻ്റെ സ്ഥലത്ത് തുറമുഖ വകുപ്പിൻ്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കും എന്നായാരുന്നു പ്രഖ്യാപനം.

പദ്ധതി പ്രഖ്യാപനം വന്നപ്പോൾ കാസർകോട് നഗരത്തിൻ്റെ വിനോദ സഞ്ചാര മേഖലയിൽ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ പ്രഖ്യാപനത്തിന് ശേഷം നാളിതുവരെയായി തുടർ നടപടികൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ ശ്രദ്ധ വീണ്ടും ഉണ്ടാവണമെന്നും ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് പ്രത്യേക താത്പര്യമെടുക്കണമെന്നും കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ തുറമുഖ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ അഭ്യർത്ഥിച്ചു.
തളങ്കര പൈതൃകം പാർക്ക് പദ്ധതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവിധ പത്ര മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ പകർപ്പ് സഹിതമാണ് ചെയർമാൻ മന്ത്രിക്ക് കത്ത് നൽകിയത്.
