
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ ചുറ്റുമതിലിൽ നിറയെ സിനിമാ പോസ്റ്ററുകളാണ്. അങ്കണവാടി മുതൽ സിവിൽ സ്‌റ്റേഷൻ വരെയുള്ള സർക്കാർ കാര്യാലയങ്ങളിൽ സാമൂഹ്യക്ഷേമ ബോധവൽക്കരണ ചിത്രങ്ങൾക്കും വാചകങ്ങൾക്കും പ്രാധാന്യമുണ്ട്. എന്നാൽ കാസർകോട് ബ്ലോക്ക് പഞ്ചായത്തിലാണ് പൊതുജനങ്ങൾ വർഷങ്ങളായി ഈ കാഴ്‌ച കാണുന്നത്.
നഗരത്തിൽ പോസ്റ്ററുകൾ പതിക്കുന്നതിന് യാതൊരു നിയന്ത്രണവും നിലവിലില്ല. സ്‌കൂൾ കുട്ടികൾ ഇടപെടുന്ന പൊതു ഇടങ്ങളിലെല്ലാം അശ്ലീല സിനിമാ പോസ്റ്ററുകൾ പതിക്കുന്നതും നേരത്തെ പരാതിക്ക് ഇടയാക്കിയിരുന്നു.

ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിഷ്വൽ പൊല്യൂഷൻ സൃഷ്ടിക്കുന്ന പരസ്യങ്ങളുടെ പോസ്റ്ററുകളും ബാനറുകളും അനിയന്ത്രിതമായി വർധിച്ചിരിക്കുകയാണ്. അനധികൃതമായി പതിച്ച പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും നടപടികൾ ഫലപ്രദമാകുന്നില്ല.
റെയിൽവേ സ്റ്റേഷനുകളിലും വിമാന താവളങ്ങളിലും കേന്ദ്ര- സംസ്ഥാന സർക്കാർ പ്രൊജക്ടുകളുടെ ബോധവൽക്കരണ ചിത്രങ്ങളും വാചകങ്ങളും കാണാനാവും. എന്നാൽ ചില പ്രാദേശിക ഭരണ സംവിധാനങ്ങൾക്ക് കീഴിൽ തലതിരിഞ്ഞ ഏർപ്പാടുകളാണ് നടക്കുന്നത്.

സാമൂഹ്യക്ഷേമം മുന്‍നിര്‍ത്തിയാണ് സർക്കാരുകളും മറ്റു ഏജൻസികളും മിഷൻ പ്രവർത്തങ്ങൾ നടത്തുന്നത്. മാലിന്യമുക്ത കേരളം, നാഷണൽ ആയുഷ് മിഷൻ കേരള, ജൽ ജീവൻ മിഷൻ തുടങ്ങിയവ നിരവധി പ്രവർത്തങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കി നടന്നുവരുന്നത്. ഇത്തരം ക്ഷേമ പദ്ധതികൾക്ക് കുഞ്ഞുങ്ങളിൽ തന്നെ ബോധവൽക്കരണം തുടങ്ങേണ്ടിയിരിക്കുന്നു എന്ന പ്രാധാന്യം നിലനിൽക്കെയാണ് ദിനംപ്രതി ബ്ലോക്ക് പഞ്ചായത്തിൻ്റെ മതിലിൽ സിനിമ പോസ്റ്ററുകൾ ആയിരക്കണക്കിന് ആളുകൾക്ക് കാഴ്‌ചയാകുന്നത്.
