കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി; യുവതിക്ക് എം.ഡി.എം.എ നല്‍കിയ ആള്‍ പിടിയില്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കി; യുവതിക്ക് എം.ഡി.എം.എ നല്‍കിയ ആള്‍ പിടിയില്‍

തൊടുപുഴ: കാമുകനെ സ്വന്തമാക്കുന്നതിനായി യുവതി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി നോബിള്‍ നോബര്‍ട്ട് ആണ് പിടിയിലായത്. ഇടുക്കി വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ എബ്രഹാം ആണ് ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകൻ്റെ സഹായത്തോടെ എം.ഡി.എം.എ ബൈക്കില്‍ ഒളിപ്പിച്ചത്.

നോബിള്‍ നോബര്‍ട്ട് ആണ് സൗമ്യയ്ക്ക് എം.ഡി.എം.എ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ‌കേരളത്തിലെ വിവിധ ജില്ലകളില്‍ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും പൊലീസ് സൂചിപ്പിച്ചു. ബെംഗളൂരുവില്‍ നിന്നും ലഹരിമരുന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാള്‍. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയായ നോബിള്‍ 2017 മുതല്‍ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നുണ്ട്.

ഇടയ്ക്കിടെ സിം കാര്‍ഡും മൊബൈല്‍ ഫോണും മാറ്റുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്.

ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ​ഗൂഢപദ്ധതി

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ സൗമ്യ അടക്കം മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഭര്‍ത്താവ് സുനില്‍ വര്‍ഗീസിനെ ഒഴിവാക്കി, കാമുകനും വിദേശ മലയാളിയുമായ നെറ്റിത്തൊഴു വെട്ടത്താഴത്ത് വിനോദ് രാജേന്ദ്രനെ (43) സ്വന്തമാക്കാനാണ് സൗമ്യ പദ്ധതിയിട്ടത്.

സുനിലിൻ്റെ ബൈക്കില്‍ അഞ്ചുഗ്രാം എം.ഡി.എം.എ സൗമ്യ ഒളിപ്പിക്കുകയായിരുന്നു. സുനിലിനെ പൊലീസ് പിടികൂടിയെങ്കിലും, പുകവലി പോലുമില്ലാത്ത സുനിലിനെ ആരോ കുടുക്കിയതാണെന്ന സംശയമാണ് കേസിൻ്റെ ചുരുളഴിച്ചത്. കാമുകന്‍ വിനോദാണ് സൗമ്യയ്ക്ക് മയക്കുമരുന്ന് സംഘടിപ്പിച്ചു കൊടുത്തത്.

തുടര്‍ന്ന് മയക്കുമരുന്ന് ഒളിപ്പിച്ചശേഷം ബൈക്കിൻ്റെ ഫോട്ടോയും ശബ്ദസന്ദേശവും കൊല്ലത്തു നിന്നും ഇടുക്കിയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കുക ആയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എം.ഡി.എം.എ സൗമ്യയ്ക്ക് കൈമാറിയ അന്നുതന്നെ വിനോദ് ഗള്‍ഫിലേക്ക് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു.

0Shares