
ന്യൂഡൽഹി / തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യുസിസിയെ വെട്ടിലാക്കി വ്യവസായ മന്ത്രി പി.രാജീവിൻ്റെ വെളിപ്പെടുത്തല്‍ വിവാദമായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടതായി മന്ത്രി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മയില്‍ പിളര്‍പ്പിന് പോലും സാഹചര്യമൊരുക്കുന്നതാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. കമ്മിഷൻ ഓഫ് എൻക്വയറി ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
കത്ത് പുറത്തുവിട്ടു
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് അവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പറഞ്ഞു. സിനിമ സംഘടനകളിൽ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ലെന്നും ദീദി ദാമോദരൻ പ്രതികരിച്ചു. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നിൽക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്‍ദമായി ഇരിക്കാം എന്ന് ആര് തീരുമാനിച്ചാലും അത് തെറ്റിന് കൂടെ നിൽക്കുന്നതിന് തുല്യമാണെന്ന് ദീദി ദാമോദരൻ പറഞ്ഞു. മന്ത്രി പി.രാജീവുമായി തങ്ങള്‍ നടത്തിയ മീറ്റിംഗില്‍ സമര്‍പ്പിച്ച കത്ത് സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടും ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ടെന്നാണ് കത്തില്‍ പറയുന്നത്.
ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങിൽ (21-01-2022) സമർപ്പിച്ച കത്തിൻ്റെ പൂർണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഞങ്ങൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കാതെ നീണ്ടു പോയപ്പോൾ ഞങ്ങൾ സാധ്യമായ എല്ലാ സർക്കാർ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമർപ്പിച്ച റിപ്പോർട്ടിൽ ഗവൺമെന്റ് നിശബ്‍ദമായിരുന്നപ്പോൾ ഞങ്ങൾ അതിനെതിരെ തുടരെ ശബ്‍ദമുയർത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര.
അതിൽ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മാത്രം ചർച്ച ചെയ്ത് കമ്മിറ്റികൾ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങൾ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിർദ്ദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവൺമെന്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്, അതിപ്രധാനമാണ്.

വാദത്തിലുറച്ച് മന്ത്രി
ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്താന്‍ ഡബ്ല്യുസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മന്ത്രി പി.രാജീവ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിലപാട് എടുത്തിട്ടില്ല. ശുപാർശകൾ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. താനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നു. ഇത് ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നൽകിയത്. ഇത് പരസ്യമാക്കാൻ പലരും താത്‌പര്യപ്പെടുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. ഡബ്ല്യുസിസി നിലപാട് മാറ്റിയോ എന്നറിയില്ലെന്നും പി.രാജീവ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത ശ്രമം സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ട്. നടപടിക്രമം പാലിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ. പല്ലും നഖവുമുള്ള നടപടികൾക്കാണ് സർക്കാരിൻ്റെ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ട് വർഷം മുമ്പ് സർക്കാരിന് സമർപ്പിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നില്ല എന്നും, എന്തുകൊണ്ട് റിപ്പോർട്ടിൻമേൽ നടപടി എടുക്കുന്നില്ല എന്നും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകൾ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ രൂപീകരിച്ചത് കമ്മീഷനല്ല, കമ്മിറ്റിയാണെന്നും, അതിനാൽത്തന്നെ നിയമസഭയിൽ വയ്ക്കാൻ ബാധ്യതയില്ലെന്നുമുള്ള സാങ്കേതിക ന്യായമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല, നിലവിലുള്ള റിപ്പോർട്ട് പഠിക്കാൻ മറ്റൊരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഐ.സി.സിയിൽ നിന്ന് കൂട്ടരാജി?
അഭിനേതാക്കളുടെ സംഘടന ‘അമ്മ’യുടെ പരാതി പരിഹാര സമിതി (ഐസിസി)യില്‍ നിന്ന് നടിമാരായ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കുമെന്ന് പറഞ്ഞതായി മാലാ പാര്‍വതി. സമിതിയില്‍ നിന്ന് രാജിവച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഐസിസിയില്‍ നിന്ന് മാത്രമാണ് രാജിവച്ചതെന്നും ‘അമ്മ’ അംഗമായി തുടരുമെന്നും മാലാ പാര്‍വതി പറഞ്ഞു.
ഇരയുടെ പേര് പറയുന്നത് ശിക്ഷാര്‍ഹമാണെന്ന് ഇന്ത്യയിലുള്ള നിയമമാണ്. കേസ് കൊടുത്ത പെണ്‍കുട്ടിയും വിജയ് ബാബുവും തമ്മിലുള്ള ബന്ധമെന്താണ്, അതിനുള്ള തെളിവ് അദ്ദേഹത്തിൻ്റെ പക്കലുണ്ട് എന്നൊക്കെ പറയുന്നത് അംഗീകരിക്കുമ്പോള്‍ പോലും പേര് പറഞ്ഞ കാര്യം അംഗീകരിക്കാന്‍ പറ്റില്ല. നടപടിയുണ്ടാകേണ്ടതുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അദ്ദേഹത്തില്‍ നിന്ന് കത്ത് വാങ്ങുമെന്ന് പ്രതീക്ഷിച്ചില്ല. ഞങ്ങള്‍ കൊടുത്ത റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് അംഗീകരിക്കും എന്ന് തന്നെയാണ് കരുതിയിരുന്നത്. പ്രസ് റിലീസില്‍ വിജയ് ബാബു സ്വമേധയാ മാറി നില്‍ക്കുന്നു എന്നാണ് പറയുന്നത്. ‘അമ്മ’ ആവശ്യപ്പെട്ടു എന്നൊരു വാക്കില്ല. അത് അച്ചടക്ക നടപടിയായി കാണുന്നില്ല. സമൂഹത്തിന് നല്‍കുന്ന മെസ്സേജ് ശരിയായത് ആണോയെന്ന് സംശയിക്കുന്നു.’- മാലാ പാര്‍വതി പറഞ്ഞു.
ഐസിസി ഒരു ഓട്ടോണമസ് ബോഡിയാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് താഴെയല്ല. അതിലിരുന്ന് ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഐസിസി അംഗങ്ങള്‍ വാട്‌സ്‌ആപ്പ് വഴി മീറ്റിങ് കൂടിയിരുന്നു. ശ്വേതയും കുക്കു പരമേശ്വരും രാജിവയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞിരുന്നു. തീരുമാനം അറിയില്ല. അമ്മയില്‍ നിന്ന് അംഗത്തെ പുറത്താക്കാന്‍ പറ്റില്ല, അത് ബൈലോയിലില്ല. അതാണ് ദിലീപിൻ്റെ കാര്യത്തിലും സംഭവിച്ചത്. പക്ഷേ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാം- മാലാ പാര്‍വതി പറഞ്ഞു.

അമ്മയിലും കുഴപ്പം
പീഡനക്കേസില്‍ പ്രതിയായ വിജയ് ബാബുവിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഐസിസി ‘അമ്മ’ എക്‌സിക്യൂട്ടീവിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗത്തില്‍, വിജയ് ബാബു നല്‍കിയ കത്ത് അംഗീകരികരിക്കുകയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനാല്‍ തന്നെ എക്‌സിക്യൂട്ടീവില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നായിരുന്നു വിജയ് ബാബുവിൻ്റെ കത്ത്. അമ്മയിൽ പുരുഷാധിപത്യമാണ് നിലനിൽക്കുന്നതെന്ന് നേരത്തെ ആരോപണമുണ്ട്. ഡബ്ല്യുസിസിയാണ് നീതി നിഷേധത്തിനെതിരെ അമ്മയ്‌ക്കെതിരെ നിരന്തരം പ്രതിഷേധം ഉയർത്തിക്കൊണ്ടിരിക്കുന്നത്.
