
കൊച്ചി: കേരളാ സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണര്‍ കെ.സേതുരാമന്‍. രണ്ടായിരത്തില്‍ അധികം പൊലീസുകാരെ വിന്യസിക്കും. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും.
ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്‌ച ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണര്‍ അറിയിച്ചു. കൊച്ചിയില്‍ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോ വേളയില്‍ ട്രാഫിക് ക്രമീകരങ്ങള്‍ ഉണ്ടാകും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്‌ചയെന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എ.ഡി.ജി.പി ഇൻ്റെലിജന്‍സ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോര്‍ന്നതോടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങള്‍ പുറത്ത് വന്നു.
49 പേജുള്ള റിപ്പോര്‍ട്ടില്‍ വി.വി.ഐ.പി സുരക്ഷയുടെ സമഗ്ര വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന ജില്ലകളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്ന് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
