
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദവും പിന്നീടുള്ള 24 മണിക്കൂറില്‍ ചുഴലിക്കാറ്റുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വടക്ക് ദിശയില്‍ മഹാരാഷ്ട്ര-ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ന്യൂനമര്‍ദം രൂപപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ മഴ അടുത്ത അഞ്ച് ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ശക്തമായ കാറ്റും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്.
