
സംസ്ഥാനമാകെ ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണെങ്കിലും സംസ്ഥാന വ്യാപകമായി മഴ ഇടതടവില്ലാതെ തുടരുകയാണ്. മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ചെറുഡാമുകളിൽ പലതിലും പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തുന്ന നിലയാണ്.
മഴക്കെടുതികൾ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ.രാജൻ്റെ ഓഫീസിൽ പ്രത്യേക കണ്‍ട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങൾക്ക് കണ്‍ട്രോൾ റൂമിൽ വിളിച്ച് സഹായം തേടാം.ബന്ധപ്പെടേണ്ട നമ്പർ – 8078548538
അതേസമയം, കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കാനായി പെരിങ്ങൽകുത്ത് ഡാമിൻ്റെ ഒരു ഷട്ടർ തുറന്നു. ഡാമിലെ ജലനിരപ്പ് 420 മീറ്ററാക്കി ക്രമീകരിക്കാനാണ് ഷട്ടർ തുറന്നത്. നിലവിൽ 420.9 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. പെരിങ്ങൽകുത്ത് ഡാമിൻ്റെ 7 ഷട്ടറുകളിലൊന്നാണ് വൈകിട്ട് തുറന്നത്.

തിരുവനന്തപുരം അരുവിക്കര ഡാമിൻ്റെ രണ്ടാമത്തെ ഷട്ടർ 20 cm ഉം മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ 30 cm വീതവുമാണ് (ആകെ 80 cm) നിലവിൽ ഉയർത്തിയിട്ടുള്ളത്. അതേസമയം സംസ്ഥാനത്ത് മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ (20-05-2022) എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ടായിരിക്കും.
