
തിരുവനന്തപുരം / മലപ്പുറം, കാസർകോട്: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. തീരദേശത്ത് കടൽക്ഷോഭവും രൂക്ഷമായി. പ്രധാന നദികളെല്ലാം കരകവിഞ്ഞു ഒഴുകുകയാണ്. മരങ്ങൾ കടപുഴകി വീണു. നിരവധി വീടുകൾ കാറ്റിലും മഴയിലും തകർന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് പുനരധിവാസ പ്രവർത്തങ്ങൾ പലേടത്തും നടത്തിവരികയാണ്. ആയിരക്കണക്കിന് പേരെയാണ് സുരക്ഷിത ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇടുക്കി കല്ലാർകുട്ടി പാംബ്ളാ ഡാമുകൾ തുറന്നു. ഈ രണ്ട് ഡാമുകളുടെയും നീരൊഴുക്കുള്ള പുഴകളുടെ വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
ഇടുക്കി, കണ്ണൂർ ജില്ലകളില്‍ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ചില ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രിയാത്രയും നിരോധിച്ചു.
മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു, രണ്ടുപേരെ കാണാതായിട്ടുണ്ട്. ബുധനാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. കുതിരപ്പുഴയിലാണ് ഇവരെ കാണാതായത്.
ക്ഷേത്രത്തിൽ ബലിയർപ്പിൽ അടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ രണ്ട് കുട്ടികൾ ആദ്യം തന്നെ രക്ഷപ്പെട്ടിരുന്നു. പിന്നാലെ ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് മൂന്ന് കിലോമീറ്റർ അകലെ നിന്ന് ഒരു സ്ത്രീയെയും കണ്ടെത്തി. എന്നാൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായത്.
ഇടിമിന്നലേറ്റ് പള്ളി മിനാരവും ചുമരും പിളര്‍ന്നു. ഇന്‍വര്‍ട്ടര്‍ ബോക്‌സ് പൊട്ടിത്തെറിച്ചു. ചേവാര്‍ ബദ്‌രിയ ജുമാമമസ്‍ജിദിലാണ് ഇടിമിന്നല്‍ നാശനഷ്ടമുണ്ടാക്കിയത്. മിനാരത്തിനും ചുമരിലും വിള്ളല്‍ വീണിട്ടുണ്ട്. ഇന്‍വര്‍ട്ടര്‍, മെയിന്‍ സ്വിച്ച് എന്നിവ പൊട്ടിത്തെറിച്ചു. ചൊവാഴ്‌ച വൈകിട്ടാണ് സംഭവം. പള്ളി സെക്രട്ടറി അസീസ് ചേവാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം തഹസില്‍ദാറും വില്ലേജ് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു.
തീരദേശത്ത് തീരാദുരിതം തുടരുകയാണ്. പൊന്നാനിയിലും കൊച്ചിയിലും മറ്റും തീരദേശങ്ങളിൽ വ്യാപക കടൽഷോഭം. തീരത്തെ കടേലെടുത്തു. മൽസ്യബന്ധന ബോട്ടുകൾ ഒഴുക്കിൽ ഒലിച്ചുപോയി.
ബസിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ബുധനാഴ്‌ച ഉച്ചയോടെ ഇരിങ്ങാലക്കുടയിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മധ്യകേരളത്തിൽ മിന്നൽ ചുഴലിയും നാശനഷ്ടവും ഉണ്ടായി
നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്ന സംസ്ഥാനത്തെ ദേശീയപാതയില്‍ പലേടത്തും വലിയകുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ യാത്രാക്ലേശം രൂക്ഷമാകുന്നു. ഇവിടങ്ങളില്‍ വെള്ളക്കെട്ട് കൂടി രൂപപ്പെട്ടതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവായിരിക്കുകയാണ്. നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ ദേശീയപാതയില്‍ ഒറ്റവരിയിലായാണ് വാഹനങ്ങളെ കടത്തിവിടുന്നത്. മറ്റു ഭാഗങ്ങള്‍ ഡിവൈഡര്‍ വെച്ചും മറ്റും അടച്ചിരിക്കുകയാണ്. കാസർകോട്ട് മഴ കനത്തതോടെ അപകടസാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദേശീയപാത വഴിയുള്ള ഇരുചക്ര വാഹനയാത്ര പരമാവധി ഒഴിവാക്കണമെന്ന് കാസർകോട് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദ്ദേശം നല്‍കി.
