
കാഞ്ഞങ്ങാട് / കാസർകോട്: പ്രസവാനന്തരമുണ്ടായ രക്തസ്രാവത്തെ തുടർന്ന് കണ്ണൂരിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ പരാതി ഉയർന്നു. അജാനൂർ അതിഞ്ഞാലിലെ യുവ ഭർതൃമതി ജാസ്മിൻ്റെ ബന്ധുക്കളിൽ നിന്ന് കണ്ണൂർ സ്വകാര്യാശുപത്രി പന്ത്രണ്ടുദിവസത്തെ ചികിത്സയ്ക്ക് എട്ടുലക്ഷം രൂപ ഫീസ് ഈടാക്കിയതായും പറയുന്നു. ആശുപത്രി അധികൃതർ നൽകിയ ബിൽ തുക 10.02 ലക്ഷം രൂപയാണ്. പിന്നീട് 2.20 ലക്ഷം രൂപ ബില്ലിൽ കുറച്ചു കൊടുക്കുകയായിരുന്നു. ചികിത്സയ്ക്ക് ലക്ഷങ്ങൾ ചിലവഴിച്ചിട്ടും, യുവതിയുടെ ജീവൻ തിരിച്ചു കിട്ടാത്തതിന് ആശുപത്രിക്കെതിരെ ബന്ധുക്കളുടെയും നാട്ടുകാരുടെ പ്രതിഷേധം ഉയർന്നത്.
കോവിഡ് കാലത്ത് കർണ്ണാടകയിലെ ആശുപത്രികളിലേക്ക് പോകുന്ന രോഗികൾക്ക് നേരെ തലപ്പാടിയിൽ കർണ്ണാടക പോലീസ് ചെക്ക് പോസ്റ്റുകൾ അടച്ചിട്ട സംഭവത്തെ തുടർന്ന് ഇപ്പോഴും കണ്ണൂരിലുള്ള ചില പുതുപുത്തൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെയാണ് കാസർകോട് ജില്ലയിലുള്ള നിരവധിപേർ ആശ്രയിച്ചു വരുന്നത്. ഇത് മുതലെടുത്താണ് ചികിത്സയ്ക്ക് വമ്പൻ സ്വകാര്യ ആശുപത്രികൾ രോഗികളുടെ കഴുത്തറുക്കുന്ന ഫീസ് ഈടാക്കി വരുന്നത്.

ഇപ്പോൾ ആശുപത്രി നിലനിൽപ്പിനായി രോഗികളുടെ കഴുത്തിന് കത്തിവെക്കുന്ന ചികിത്സാ തുകയാണ് അടിച്ചേൽപ്പിക്കുന്നത്. ലക്ഷങ്ങൾക്ക് താഴെയുള്ള ചികിത്സ പ്രതീക്ഷിച്ച് ഒരു രോഗിയേയും ഇവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
മരണപ്പെട്ട അതിഞ്ഞാൽ ഭർതൃമതി ജാസ്മിൻ്റെ മൂന്നാമത്തെ പ്രസവമായിരുന്നു. ആദ്യ രണ്ടു പ്രസവങ്ങളും സുഖപ്രസവമായിരുന്നു. മൂന്നാമത്തെ പ്രസവം സിസേറിയൻ നടത്തിയാണ് അതിഞ്ഞാലിലെ വനിതാ ഡോക്ടർ ആൺകുഞ്ഞിനെ പുറത്തെടുത്തത്. വൈകുന്നേരം 6-30 മണിക്കായിരുന്നു പ്രസവം. അന്നുതന്നെ പുലർച്ചെ 3-30 മണിക്ക് ഡോക്ടർ വിളിക്കുകയും, യുവതിയുടെ നില മോശമാണെന്നും മൂത്രത്തിൽ രക്തം പോകുന്നതായും ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ ആംബുലൻസിൽ ഉടൻ കണ്ണൂരിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
യുവതിയുടെ ഭർത്താവിന് ഭാര്യയെ മംഗളൂരുവിൽ കൊണ്ടു പോകാനായിരുന്നു താൽപ്പര്യമെങ്കിലും വനിതാ ഡോക്ടറുടെ നിർദ്ദേശമനുസരിച്ചാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്. 12 ദിവസം യുവതി വെന്റിലേറ്ററിലായിരുന്നു. 13-ാം ദിവസമാണ് ജാസ്മിൻ വിട പറഞ്ഞത്. സജ്ജീകരണങ്ങൾ ഏറെയുള്ള വൻകിട ആശുപത്രിയാണെങ്കിലും പരിചയസമ്പന്നരായ ഡോക്ടർമാർ ആരെയും ഈ ആശുപത്രിയിൽ കണ്ടില്ലെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞതായി വാർത്തകൾ വന്നിട്ടുണ്ട്. സ്വകാര്യ വൻകിട ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ നേരത്തെ ആരോപണം ഉണ്ടായിരുന്നു.
