ഇൻഷുറൻസ് തുക നാല് കോടി തട്ടിയെടുക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി; സ്വന്തം മരണമാക്കിയ വ്യവസായിയും കൂട്ടാളികളും പിടിയിൽ

  • Post category:national / news
  • Reading time:1 min read
You are currently viewing ഇൻഷുറൻസ് തുക നാല് കോടി തട്ടിയെടുക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി; സ്വന്തം മരണമാക്കിയ വ്യവസായിയും കൂട്ടാളികളും പിടിയിൽ

ചണ്ഡിഗഢ്: ഇന്‍ഷുറന്‍സ് തുകയായ നാലുകോടി രൂപ തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി, മരിച്ചത് താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച വ്യവസായി പിടിയില്‍. ബിസിനസ് തകര്‍ന്ന ഇയാള്‍ നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് പണം ലഭിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബുധനാഴ്‌ചയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് വ്യവസായി ഗുര്‍പ്രീത് സിങ്, ഭാര്യ ഖുശ് ദീപ് കൗര്‍ എന്നിവരുള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സുഖ്‌വീന്ദർ സിങ് സംഘ, ജസ്‌പാൽ സിങ്, ദിനേഷ് കുമാർ, രാജേഷ് കുമാർ എന്നിവരാണ് കേസിൽ പിടിയിലായ മറ്റ് നാല് പേർ. ഗുര്‍പ്രീതിൻ്റെ സുഹൃത്ത് സുഖ് ജിത്തിനെയാണ് സംഘം കൊലപ്പെടുത്തിയത്.

ജൂണ്‍ 19മുതല്‍ സുഖ് ജിത്തിനെ കാണാനില്ലായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പട്യാല റോഡിലെ ഒരു കനാലിന് സമീപം സുഖ് ജിത്തിൻ്റെ ഇരുചക്രവാഹനവും ചെരിപ്പും കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്തെന്നായിരുന്നു സംശയം. എന്നാൽ ഇതിനിടെയാണ് ഗുര്‍പ്രീത് തൻ്റെ ഭർത്താവിന് സ്ഥിരമായി മദ്യം വാങ്ങി നല്‍കിയിരുന്നുവെന്ന് സുഖ് ജിത്തിൻ്റെ ഭാര്യ വെളിപ്പെടുത്തുന്നത്.

ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോള്‍ ഗുര്‍പ്രീത് ഒരാഴ്‌ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചുപോയതായി കുടുംബം അറിയിച്ചു. ഇതാണ് പോലീസിന് സംശയം തോന്നാന്‍ ഇടയാക്കിയതും കൊലപാതകത്തിൻ്റെ ചുരുളഴിക്കുന്നതിലേക്ക് അന്വേഷണം എത്തിയതും. തുടർന്ന് ഇവരുടെ മൊഴി കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

ബിസിനസില്‍ നഷ്ടം സംഭവിച്ചതോടെയാണ് ഗുര്‍പ്രീത് പ്രദേശവാസിയായ സുഖ് ജിത്തിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. സുഖ് ജിത്തുമായി സൗഹൃദം സ്ഥാപിക്കുകയാണ് ഗുർപ്രീത് ആദ്യം ചെയ്തത്. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി സുഖ് ജിത്തിനെ ബോധം കെടുത്തിയതിന് ശേഷമായിരുന്നു കൊലപാതകം. പൊലീസ് തിരിച്ചറിയാതിരിക്കാൻ ഗുര്‍പ്രീതിൻ്റെ വസ്ത്രവും സുഖ് ജിത്തിനെ ധരിപ്പിച്ചു. തുടർന്ന് അദ്ദേഹത്തെ ട്രക്ക് കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ട്രക്ക് കയറിയിറങ്ങിയ മൃതദേഹം ​ഗുർപ്രീതിൻ്റെ ഭാര്യ തൻ്റെ ഭർത്താവിൻ്റെതാണെന്ന് തിരിച്ചറിയൽ സമയത്ത് പറഞ്ഞതായും പൊലീസ് പറയുന്നു.

0Shares