ദുരിതകാലത്തെ കരുതല്‍; സര്‍ക്കാരിന്‍റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഉടൻ ആരംഭിക്കും

  • Post category:local news / news
  • Reading time:1 min read
You are currently viewing ദുരിതകാലത്തെ കരുതല്‍; സര്‍ക്കാരിന്‍റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഉടൻ ആരംഭിക്കും

കാസർകോട്: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം ഉടൻ ആരംഭിക്കും. രണ്ടാം ലോക്ക് ഡൗണിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മേയ് മാസത്തെ ഭക്ഷ്യക്കിറ്റാണ് വിതരണത്തിന് ഒരുങ്ങിയത്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ ഭാഗമായി സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്ന സ്ഥിതിവിശേഷമുണ്ടാകാന്‍ പാടില്ല എന്ന നിലപാട് സര്‍ക്കാര്‍ എടുത്തിരുന്നു.

അതിന്‍റെ ഭാഗമായാണ് ഈ കിറ്റ് വിതരണവും. 482 കോടി രൂപയാണ് കഴിഞ്ഞ ക്രിസ്മസ് കിറ്റ് വിതരണത്തിനായി ചെലവിട്ടത്. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 368 കോടി രൂപ വീതമാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി ചെലവഴിച്ചത്. ഇതുവരെ ഈ തുക വകയിരുത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നായിരുന്നു. എന്നാല്‍ പിന്നീട് ബജറ്റ് വിഹിതത്തില്‍ നിന്നൊരു തുക കൂടി ഇതിനുവേണ്ടി അനുവദിച്ചു. എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കുന്നതായിരിക്കും. ഏകദേശം 88.92 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക.

സിവില്‍ സപ്ലൈസിന്‍റെ റീജിയണല്‍ ഓഫീസുകളാണ് കിറ്റ് വിതരണം നിയന്ത്രിക്കുന്നത്. അതാത് താലൂക്കുകളിലെ സിവില്‍ സപ്ലൈസ് ഓഫീസുകളും മേല്‍നോട്ടം വഹിക്കും. സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന എ.എ.വൈ (മഞ്ഞ കാര്‍ഡ്)​ വിഭാഗത്തിനാണ് ആദ്യം കിറ്റ് ലഭിക്കുക.

തുടര്‍ന്ന് മുന്‍ഗണനാ വിഭാഗം (പിങ്ക്)​,​ സംസ്ഥാന സബ്സിഡി ലഭിക്കുന്നവര്‍ (നീല)​, സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന പൊതുവിഭാഗം (വൈള്ള)​ എന്നിങ്ങനെയാണ് വിതരണം. വിതരണത്തിനുള്ള കിറ്റുകള്‍ റേഷന്‍ കടകളില്‍ ലഭ്യമാക്കിയതിനാല്‍ ഇത്തവണ പരാതിക്കിടവരില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കിറ്റിലുള്ളത്

ചെറുപയര്‍ – 500 ഗ്രാം
ഉഴുന്ന് – 500 ഗ്രം
പഞ്ചസാര – 1 കിലോ
തുവര – 250 ഗ്രാം
കടല – 250 ഗ്രാം
തേയില -100 ഗ്രാം
മുളക് പൊടി – 100 ഗ്രാം
മഞ്ഞള്‍ പൊടി -100 ഗ്രാം
വെളിച്ചെണ്ണ – അര ലിറ്റര്‍
ആട്ട – 1 കിലോ
ഉപ്പ് -1 കിലോ

0Shares