ഹര്‍ത്താലിൽ നാശനഷ്ടം വരുത്തി; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി റിപ്പോർട്ട് സമർപ്പിച്ചു, കാസർകോട്ട് ജപ്‌തി അഞ്ചു നേതാക്കളുടെ സ്വത്തും ഓഫിസ് കെട്ടിടവും

You are currently viewing ഹര്‍ത്താലിൽ നാശനഷ്ടം വരുത്തി; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി റിപ്പോർട്ട് സമർപ്പിച്ചു, കാസർകോട്ട് ജപ്‌തി അഞ്ചു നേതാക്കളുടെ സ്വത്തും ഓഫിസ് കെട്ടിടവും

കാസർകോട് / മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട്‌ ഹര്‍ത്താലിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ക്ക്‌ പകരമായി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികള്‍ പൂർത്തിയാക്കി. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ലാന്‍ഡ് റവന്യു കമ്മിഷണര്‍ നല്‍കിയ സമയപരിധി ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് അവസാനിച്ചു. റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സമയബന്ധിതമായി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ടി.വി അനുപമ വെള്ളിയാഴ്‌ച നിര്‍ദേശം നല്‍കിയിരുന്നു. ഉടന്‍ റവന്യു ഡപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്‌ 11 ജില്ലകളിലായി 200ലേറെ സ്ഥലങ്ങളിലാണ്‌ ജപ്‌തി നടന്നത്.

കാസർകോട്ടെ പോപ്പുലർ ഫ്രണ്ട് ജില്ലാ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സ്ഥലവും കെട്ടിടവും അഞ്ചു നേതാക്കളുടെ സ്വത്തുവകകളും ജപ്‌തി ചെയ്യുന്ന നടപടികൾ പൂർത്തിയായി. ജപ്‌തി നടപടികൾ പൂർത്തിയാക്കി ശനിയാഴ്‌ച വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ കളക്ടർക്ക് ലാൻഡ് റവന്യു കമ്മീഷണർ നൽകിയ നിർദേശം.

ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ സലാമിൻ്റെ പേരിൽ നായന്മാർമൂലയിലുള്ള വീടും സ്ഥലവും ആലംപാടി, നാൽത്തടുക്ക സ്വദേശി ഉമ്മർ ഫാറൂഖിൻ്റെ നായൻമാർമൂലയിലുള്ള 7.5 സെൻറ് സ്ഥലവും കണ്ടുകെട്ടി. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ആയിരുന്ന സി.ടി സുലൈമാൻ്റെ സൗത്ത് തൃക്കരിപ്പൂർ മൊട്ടമ്മലിൽ ഉള്ള വീടും സ്ഥലവും ഇതോടൊപ്പം സുലൈമാൻ്റെ പേരിലുള്ള 12 സെന്റ് ഭൂമിയും ചീമേനി, കാക്കടവ്, നങ്ങാരത്ത് സിറാജുദീൻ്റെ 1.04 ഏക്കർ സ്ഥലം മഞ്ചേശ്വരം മീഞ്ച മിയാപ്പദവ് ഹൗസിൽ മുഹമ്മദലിയുടെ പേരിലുള്ള 16 സെൻറ് സ്ഥലവും വീടും ജപ്‌തി ചെയ്‌തു.

കാസർകോട്, പെരുമ്പള പാലത്തിന് സമീപത്ത് പോപ്പുലർ ഫ്രണ്ട് ഓഫീസ് കെട്ടിടം ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിലുള്ള 8.5 സെൻറ് സ്ഥലത്തിൻ്റെ ജപ്‌തി നടപടികൾ പൂർത്തിയായി. റവന്യു നടപടികൾ പൂർത്തിയായതായി കാണിച്ച്‌ റവന്യു ഉദ്യോഗസ്ഥർ ബന്ധപെട്ടവർക്ക് നോട്ടീസ് നൽകി. ഹൈക്കോടതി നിർദേശ പ്രകാരം സംസ്ഥാന വ്യാപകമായാണ് നേതാക്കളുടെ സ്വത്ത് ജപ്‌തി ചെയ്യുന്നത്. സംസ്ഥാനത്ത് 197 പേരുടെ സ്വത്താണ് കണ്ടുകെട്ടിയത്.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് 2022 സെപ്‌തംബർ 22 ന് നടത്തിയ ഹർത്താൽ വ്യാപകമായ അക്രമത്തിന് ഇടയാക്കിയിരുന്നു. കെ.എസ്.ആർ.ടി.സിക്കാണ് ഏറ്റവും വലിയ നഷ്‌ടം ഉണ്ടായത്. ആകെ 5.20 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഈ തുക പോപ്പുലർ ഫ്രണ്ട് ഭാരവാഹികളിൽ നിന്നും ഈടാക്കണമെന്ന് എന്നാൽ നടപടികൾ വൈകിയതോടെയാണ് കോടതി കർശന നിലപാട് സ്വീകരിച്ചത്.

മലപ്പുറത്ത്‌ പി.എഫ്‌.ഐ ചെയര്‍മാന്‍ ഒ.എം.എ സലാമിൻ്റെ മഞ്ചേരിയിലെ വീടും ജപ്‌തി ചെയ്‌തു. കൊല്ലം കരുനാഗപ്പള്ളിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിൻ്റെ കുലശേഖരപുരത്തെ 18 സെന്റും വീടും ഉപകരണങ്ങളും കണ്ടുകെട്ടി. തിരുവനന്തപുരം ജില്ലയില്‍ നാലുപേരുടെ വസ്തുക്കള്‍ വസ്തുക്കള്‍ കണ്ടുകെട്ടി. വര്‍ക്കല, നെയ്യാറ്റിന്‍കര, കാട്ടാക്കട എന്നിവിടങ്ങളിലും നടപടിയുണ്ടായി. കോട്ടയം മീനച്ചിലില്‍ മൂന്നുപേരുടെയും കാഞ്ഞിരപ്പള്ളിയിലും ചങ്ങനാശേരിയിലും ഒരാളുടെയും പത്തനംതിട്ട കോഴഞ്ചേരി, കോന്നി എന്നിവിടങ്ങളിലായി നാലുപേരുടെയും സ്വത്ത്‌ കണ്ടുകെട്ടി. എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ടിൻ്റെ കീഴിലുള്ള പെരിയാര്‍വാലി ക്യാമ്പസും മൂന്ന്‌ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്ഥലവും വീടും ജപ്‌തി ചെയ്‌തു.

തൃശൂര്‍ ജില്ലയില്‍ 18 സ്ഥലങ്ങളില്‍ കണ്ടുകെട്ടൽ നടപടി പൂര്‍ത്തിയായി. പാലക്കാട് ജില്ലയില്‍, സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫ് ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് നടപടി. കോഴിക്കോട് ജില്ലയില്‍ 23 പ്രവര്‍ത്തകരുടെ വീടുകളുടെയും സ്വത്തുക്കളുടെയും വിവരങ്ങള്‍ ശേഖരിച്ചു. വയനാട്ടില്‍ 14 പേരുടെയും കണ്ണൂരില്‍ ഏഴ് പേരുടെയും കാസര്‍കോട് അഞ്ചുപേരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളാണ് ആരംഭിച്ചത്. 23ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യം കണക്കിലെടുത്താണ് നടപടി വേഗത്തിലാക്കിയത്.

0Shares