വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയുടെ സമരം വിജയിച്ചു; തെളിവില്ലെന്ന് പോലും പറഞ്ഞു, അത് തെളിഞ്ഞല്ലോ

  • Post category:Kerala / news / trending
  • Reading time:2 mins read
You are currently viewing വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയുടെ സമരം വിജയിച്ചു; തെളിവില്ലെന്ന് പോലും പറഞ്ഞു, അത് തെളിഞ്ഞല്ലോ

കോഴിക്കോട്: ‘അഞ്ച് വർഷം അനുഭവിച്ചത് ചെറുതല്ല, വേദനകൾക്കും അനുഭവിച്ചതിനും ആരോടും പരിഹാരം ചോദിക്കുന്നില്ല. പക്ഷേ, ഈ ഒറ്റ കാര്യം കൊണ്ട് സാമ്പത്തിക നഷ്ടങ്ങൾ ഒരുപാടുണ്ടായി, അതിന് അർഹതപ്പെട്ട മാന്യമായ നഷ്ടപരിഹാരം തന്നേ പറ്റൂ’. പന്തീരാങ്കാവ് മണക്കടവ് സ്വദേശിനി കെകെ ഹർഷിനയുടെ വാക്കുകൾ.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ എന്ന പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ഹർഷിനയുടെ പ്രതികരണം.

ഇതിൽ പ്രതിയില്ലെന്നാണ് ഇത്രയും നാൾ പറഞ്ഞു കൊണ്ടിരുന്നത്. മെഡിക്കൽ കോളേജിൻ്റെതല്ല കത്രിക എന്നാണ് പറഞ്ഞത്, ഇത് എവിടെ നിന്ന് വന്നു എന്നതിന് തെളിവില്ല. ആരോഗ്യമന്ത്രി വന്നപ്പോൾ പോലും അങ്ങനെയാണ് സംസാരിച്ചത്. അത് തെളിയിക്കുക എന്നതായിരുന്നു ആദ്യത്തേത്. അത് തെളിഞ്ഞല്ലോ. ഇനി പൂർണമായും തെളിഞ്ഞു വരുമെന്നാണ് പ്രതീക്ഷ. അതിനുശേഷം വാക്ക് തന്നവർ പാലിക്കട്ടേ.

പൂർണമായ നടപടിയും പൂർണമായ നീതിയും ലഭിച്ചതിന് ശേഷമേ സമരം നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളൂ. പൊലീസ് അന്വേഷണ റിപ്പോർട്ട് നിഷേധിക്കാൻ ആരോഗ്യ വകുപ്പിനാകില്ല. പൂർണമായും സത്യമായ കാര്യങ്ങളാണ് താൻ പറഞ്ഞത്.

ഇങ്ങനൊയൊരു അവസ്ഥ ഇനിയൊരാൾക്കും ഉണ്ടാകരുത്. ചെറിയൊരു സമയത്തെ അശ്രദ്ധ കൊണ്ട് മനുഷ്യൻ എത്രത്തോളം ദുരന്തം അനുഭവിക്കുമെന്ന് ഒരോ സർജറി ടേബിളിൽ എത്തുമ്പോഴും ഡോക്ടർമാർ ഓർക്കണം. അത്രത്തോളം അനുഭവിച്ച ആളാണ് ഞാൻ. മരണം വരെ സംഭവിച്ചേക്കാമായിരുന്നു. മെഡിക്കൽ നെഗ്ലിജൻസിന് ഇരയാകുന്നവരെ സംരക്ഷിക്കാനുള്ള നിയമം എത്രയും പെട്ടെന്ന് സർക്കാർ കൊണ്ടുവരണമെന്നും ഹർഷിന പറഞ്ഞു.

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയിൽ നടപടി ആവശ്യപ്പെട്ട് ഹർഷിനയുടെ സമരം 65 ദിവസമായി തുടരുകയാണ്. വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ഷിന ഉന്നയിക്കുന്നത്.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ എന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഹർഷിനയുടെ പരാതിയിൽ പൊലീസ് അന്വേഷണവും പൂർത്തിയായി. മെഡിക്കൽ കോളജ് അസിസ്റ്റണ്ട് കമ്മിഷണർ കെ.സുദർശനാണ് അന്വേഷണം നടത്തിയത്.

0Shares