നീതി കിട്ടും വരെ പോരാടും, കത്രിക ഞാൻ വിഴുങ്ങിയതാണോ?; വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിനെതിരെ ഹർഷിന

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing നീതി കിട്ടും വരെ പോരാടും, കത്രിക ഞാൻ വിഴുങ്ങിയതാണോ?; വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിനെതിരെ ഹർഷിന

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ വിദഗ്‌ധ സമിതി റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരി ഹര്‍ഷിന രംഗത്ത്. അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് യുവതി ആരോപിക്കുന്നു.

മെഡിക്കൽ കോളേജിൽ നിന്നല്ലെങ്കിൽ എവിടെ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് പറയണം. ‌കത്രിക ഞാൻ വിഴുങ്ങിയതാണോ? മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്. ആരോഗ്യവകുപ്പിലും മന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. നീതി കിട്ടുംവരെ പോരാടുമെന്ന് ഹർഷിന പറഞ്ഞു. പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിൻ്റെ ഭാര്യ ഹർഷിന.

ഹർഷിനയുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രണ്ട് സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. രണ്ടിലും കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെതാണെന്ന് കണ്ടെത്താനായില്ല. ആദ്യ അന്വേഷണത്തിന് ശേഷം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്‌ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും തൃശൂർ ജില്ലാ ആശുപത്രിയിലെയും സർജറി, ഗൈനക്കോളജി ഡോക്ടർമാർ ഉൾപ്പെട്ട സമിതിയാണ് വിഷയത്തില്‍ അന്വേഷണം നടത്തിയത്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക വെച്ചുമറന്ന സംഭവത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെതല്ലെന്ന റിപ്പോർട്ടാണ് വിദഗ്‌ധ സമിതി സർക്കാരിന് സമർപ്പിച്ചത്.

0Shares