മാലിന്യത്തിൽ നിന്നും ലഭിച്ച അരലക്ഷം രൂപ ഉടമക്ക് തിരിച്ചേല്‍പ്പിച്ച സത്യസന്ധത; കാസർകോട്ടെ ഹരിതകർമ സേന മാതൃകയായി

You are currently viewing മാലിന്യത്തിൽ നിന്നും ലഭിച്ച അരലക്ഷം രൂപ ഉടമക്ക് തിരിച്ചേല്‍പ്പിച്ച സത്യസന്ധത; കാസർകോട്ടെ ഹരിതകർമ സേന മാതൃകയായി

കാസർകോട്: മാലിന്യത്തിനൊപ്പം ലഭിച്ച അരലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച സത്യസന്ധതയുടെ ഹരിതകർമ സേന. കാസര്‍കോട് ജില്ലയിലെ മടിക്കൈ ആറാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് സുശീലയെയും ഭവാനിയെയും. ഇവര്‍ ഇരുവരെയും സംസ്ഥാന സര്‍ക്കാരിനും തദ്ദേശ സ്വയം ഭരണ വകുപ്പിനും വേണ്ടി ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുകയും പരിചയപ്പെടുത്തിയത്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ആണ്.

വാര്‍ഡിലെ നിരവധി വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെയാണ്, പ്ലാസ്റ്റികിനൊപ്പം പണം എന്തെങ്കിലും ഉള്‍പ്പെട്ടിരുന്നോ എന്ന അന്വേഷണവുമായി രാജീവന്‍റെ ഫോൺ വരുന്നത്. വീട് പണിക്കായി സൂക്ഷിച്ച പണമാണ് നഷ്ടമായതെന്നും കൂലിവേലക്കാരനായ രാജീവൻ ഹരിത കർമസേനാ അംഗങ്ങളെ അറിയിച്ചു.

ഇതോടെ ആ നാട്ടില്‍ നിന്ന് ശേഖരിച്ച മാലിന്യമാകെ അരിച്ചുപെറുക്കി. ഒടുവില്‍ അരലക്ഷം രൂപ കണ്ടെത്തുകയായിരുന്നു. പണം സുരക്ഷിതമായി കയ്യിലുണ്ടെന്ന് ഉടമയെ വിളിച്ച് അറിയിക്കുകയും സാക്ഷികളുടെ സാന്നിധ്യത്തില്‍ കൈമാരുകയും ചെയ്‌തു.

അമ്പത് രൂപ പിടിച്ചുപറിക്കുന്നവരെന്ന് ഹരിതകര്‍മ്മ സേനാംഗങ്ങളെ ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ അമ്പതിനായിരം രൂപ സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ച് സുശീലയും ഭവാനിയും ഒറ്റ നിമിഷത്തില്‍ തോല്‍പ്പിക്കുകയാണ് ചെയ്‌തതെന്ന് മന്ത്രി എം.ബി രാജേഷ് ഓർമിപ്പിച്ചു. മാലിന്യം ശേഖരിച്ച് മാത്രമല്ല, എല്ലാ രീതിയിലും നാടിനായി സേവനം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് ഹരിതകര്‍മ്മ സേനാംഗങ്ങളെന്ന് ഇവര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. സംസ്ഥാനത്തെ 30,890 സേനാംഗങ്ങളുടെയും പ്രതിനിധികളാണിവര്‍. കേരളത്തിന്‍റെ ഈ ശുചിത്വ സേനയെ ചേര്‍ത്തുപിടിക്കാനും സഹായമുറപ്പാക്കാനും സമൂഹമാകെ രംഗത്തിറങ്ങണം. സുശീലയെയും ഭവാനിയെയും ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നതായും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

0Shares