
കാസർകോട്: ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവ സംയുക്തമായി കെല്‍ട്രോണിൻ്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന ഹരിത മിത്രം -സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഇനി ജില്ലയിലും. ഖരമാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിനും കൃത്യമായ മേല്‍നോട്ടത്തിനും ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധിക്കും. ഹരിതമിത്രം – സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ജില്ലാ തല ഉദ്ഘാടനവും സ്മാര്‍ട്ട് സംഗമവും കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്നു. പരിപാടി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. ആദ്യഘട്ടത്തില്‍ ജില്ലയില്‍ 14 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ആപ്ലിക്കേഷന്‍ നടപ്പിലാക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക ഉപയോക്താക്കള്‍ക്കുള്ള വെബ്പോര്‍ട്ടലുമാണ് ഹരിതമിത്രം ആപ്ലിക്കേഷൻ്റെ പ്രധാന ഘടകങ്ങള്‍. ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തദ്ദേശസ്ഥാപന തലത്തില്‍ നടക്കുന്ന മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാകും.
ഉപഭോക്താക്കളുടെ വിവരശേഖരണം, നിലവില്‍ ലഭ്യമായ മാലിന്യ സംസ്‌ക്കരണ നടപടികള്‍, സര്‍വീസ് നടത്തുമ്പോള്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തല്‍ എന്നിവയും ഹരിതമിത്രത്തില്‍ സാധ്യമാണ്. ഉപയോക്താവിന് പ്രത്യേക സേവനങ്ങള്‍ക്കായി അഭ്യര്‍ഥിക്കാനും, പരാതികള്‍ ഉന്നയിക്കാനും, മാലിന്യം തള്ളുന്നത് റിപ്പോര്‍ട്ട് ചെയ്യാനും മൊബൈല്‍ ആപ്പ് വഴി സാധിക്കും. തദ്ദേശ സ്ഥാപന തലം മുതല്‍ ജില്ലാ, സംസ്ഥാന തലം വരെയുള്ള ഉപയോക്താക്കള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ മിഥുന്‍, കെല്‍ട്രോണ്‍ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ സുജയ്കൃഷ്ണന്‍, പി.വി. ദേവരാജന്‍, സി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം.പി.സുബ്രഹ്‌മണ്യന്‍ സ്വാഗതവും, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എ. ലക്ഷ്മി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തെ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ കെല്‍ട്രോണ്‍ പ്രതിനിധികള്‍, ഹരിത കേരള മിഷന്‍ ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ അവതരിപ്പിച്ചു.
ചടങ്ങില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
