
കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നല്‍കാത്തതിലും ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും പെട്ടുണ്ടായ മാനസിക പീഡനം മൂലം മോഹിനിയാട്ട കലാകാരനും കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍. എല്‍. വി രാമകൃഷ്ണന്‍റെ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് വിവിധ മേഖലകളിലുള്ളവര്‍ അക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തി.
ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍ മോഹിനിയാട്ടം കേരളത്തില്‍ നിരോധിക്കേണ്ടിവരും എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ എഴുതിയത്.കറുകുറ്റി അപ്പോളോ ആശുപത്രിയിലാണ് രാമകൃഷ്‌ണന്‍ ചികിത്സയില്‍ കഴിയുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം :
പാവമാണ് ഞങ്ങള്‍ കണ്ണന്‍ എന്ന് വിളിക്കുന്ന രാമകൃഷണന്‍..മണി മരിച്ചതിനു ശേഷം ജീവിതം ഒരു പാട് പ്രതിസന്ധികള്‍ നിറഞ്ഞതാണ്…ശാസ്ത്രിയ നൃത്തത്തില്‍ ഡോക്ടേറേറ്റുള്ള ജീവിതം മുഴുവന്‍ നൃത്തത്തിനു വേണ്ടി സമ്മര്‍പ്പിച്ച ജീവിതം വഴിമുട്ടിയ ഈ മനുഷ്യനല്ലാതെ ആര്‍ക്കു വേദിയുണ്ടാക്കാനാണ് ഈ അക്കാദമി .
ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍ മോഹിനിയാട്ടം കേരളത്തില്‍ നിരോധിക്കേണ്ടിവരും…ദളിതനെ പൂജാരിയാക്കിയ ഒരു സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്…ഈ സര്‍ക്കാറിനെ മനപ്പൂര്‍വ്വം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവൃത്തിയെ കാണാന്‍ പറ്റുകയുള്ളു…കണ്ണന്‍ എത്രയും പെട്ടന്ന് പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവതത്തിലേക്ക് തിരിച്ചു വരട്ടെ…ബാക്കി പിന്നെ …
